നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ മുസ്ലിം പ്രദേശത്തെ നാലായിരത്തിലധികം കുടുംബങ്ങളെ ഒറ്റയടിക്ക് കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി. പ്രദേശം ഉള്‍പ്പെടുന്ന ഹല്‍ദ്വാന്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ സുമിത് ഹൃദയേഷ് ആണ് വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിച്ചതെന്ന് എ.ഐ.സി.സി സെക്രട്ടറി ഖാസി നിസാമുദ്ദീന്‍ അറിയിച്ചു. കേസ് നാളെ പരിഗണിക്കും. ഇരകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ശിദ് ആണ് ഹാജരാവുക.
നൈനിറ്റാള്‍ ജില്ലയിലുള്ള ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ 4,365 കുടുംബങ്ങളെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്. റെയില്‍വേ സ്റ്റേഷന് സമീപത്തെ കോളനികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വീടും പുരയിടവും ഒഴിയാന്‍ നോട്ടീസ് നല്‍കി. ഒഴിയാനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് വിഷയം പരമോന്നത കോടതിയിലെത്തിയത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
കഴിഞ്ഞ 70 വര്‍ഷമായി ഇവര്‍ ഈ പ്രദേശത്താണ് താമസിക്കുന്നതെന്ന് ഖാസി നിസാമുദ്ദീന്‍ പറഞ്ഞു. ഇവിടെ പള്ളിയും അമ്പലവും സ്‌കൂളും വെള്ളടാങ്കും ഉണ്ട്. സ്‌കൂള്‍, പൊതുജനാരോഗ്യകേന്ദ്രം എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശത്തുകാരുടെ വീടുകള്‍ നിയമവിരുദ്ധ സ്ഥലത്താണെങ്കില്‍ സര്‍ക്കാര്‍ നിയന്തണത്തിലുള്ള സ്‌കൂളും ആരോഗ്യകേന്ദ്രവുമെല്ലാം കൈയേറ്റസ്ഥലത്ത് ആണോ നിര്‍മിച്ചതെന്നും നിസാമുദ്ദീന്‍ ചോദിച്ചു.
അതേസമയം, ഒഴിപ്പിക്കലിനെതിരേ പ്രദേശത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥലം ഏറ്റെടുക്കാനായി 7,000 ഓളം പൊലിസ് ഉദ്യോഗസ്ഥരും വന്‍ അര്‍ധസൈനികവിഭാഗവും നിലയുറപ്പിച്ചിട്ടുണ്ട്.