സാമ്പത്തിക പ്രതിസന്ധി: പാക്കിസ്ഥാനിൽ പാചകവാതകം പ്ലാസ്റ്റിക് ബാഗുകളിൽ! – വിഡിയോ

0
210

ഇസ്‍ലാമാബാദ് ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാനിൽ, ആളുകൾ വലിയ പ്ലാസ്റ്റിക് ബാഗുകളിൽ ഉൾപ്പെടെ പാചകവാതകം കൊണ്ടുപോകുന്ന ചിത്രങ്ങളും വിഡിയോയും വൈറൽ. പാചകവാതക സിലിണ്ടറുകൾക്ക് കടുത്ത പ്രതിസന്ധി നേരിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ആളുകൾ വലിയ പ്ലാസ്റ്റിക് ബലൂണുകളിൽ പാചകവാതകം നിറയ്ക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ ഇതു കൈകാര്യം ചെയ്യുന്നത് വന്‍അപകടങ്ങള്‍ക്കു കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

രാജ്യത്തെ പാചക വാതക ശൃംഖലയുമായി ബന്ധപ്പിച്ചിട്ടുള്ള കടകളിൽനിന്നാണ് പാചക വാതക സിലിണ്ടറിന്റെ കടുത്ത ക്ഷാമത്തെ തുടർന്ന് പ്ലാസ്റ്റിക് ബാഗുകളിൽ പാചക വാതകം നിറച്ചു നൽകുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാചകവാതകം ചോരുന്നത് ഒഴിവാക്കാൻ ബാഗ് വാൽവിട്ട് അടയ്ക്കുകയാണ് ചെയ്യുന്നത്. ഇതു വാങ്ങുന്ന ആളുകൾ ഒരു ഇലക്ട്രിക് പമ്പിന്റെ സഹായത്തോടെയാണ് പാചക വാതകം ഉപയോഗിക്കുന്നത്. ഈ പ്ലാസ്റ്റിക് ബലൂണുകളിൽ മൂന്നു മുതൽ നാലു കിലോ വരെ പാചക വാതകം നിറയ്ക്കാൻ വേണ്ടത് ഏതാണ്ട് ഒരു മണിക്കൂർ.

പ്ലാസ്റ്റിക് ബാഗുകളിൽ പാചകവാതകം നിറച്ച ചിത്രങ്ങൾ സഹിതം ഒരാൾ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ:

‘‘പാക്കിസ്ഥാനിൽ പാചകവാതകം സിലിണ്ടറുകൾക്കു പകരം പ്ലാസ്റ്റിക് ബാഗുകളിൽ നിറയ്ക്കുന്നത് വർധിച്ചിരിക്കുന്നു. പാചക വാതക പൈപ്‌ലൈൻ ശൃംഖലയുമായി ബന്ധിപ്പിച്ച കടകളിലാണ് പ്ലാസ്റ്റിക് ബാഗുകളിൽ പാചക വാതകം നിറച്ചു നൽകുന്നത്. ഒരു ചെറിയ ഇലക്ട്രിക് സക്ഷൻ പമ്പിന്റെ സഹായത്തോടെയാണ് ആളുകൾ പ്ലാസ്റ്റിക് ബാഗുകളിലെ പാചക വാതകം വീടുകളിൽ ഉപയോഗിക്കുന്നത്.’’

രണ്ടു കുട്ടികൾ പാചകവാതകം നിറച്ച പ്ലാസ്റ്റിക് ബാഗുകളുമായി നടന്നുനീങ്ങുന്ന വിഡിയോയും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

‘‘പ്ലാസ്റ്റിക് ബാഗുകളിൽ പാചക വാതകം നിറയ്ക്കുന്നത് വൻ സ്ഫോടനത്തിനു വരെ കാരണമായേക്കാമെന്ന് മുന്നറിയിപ്പുള്ളതാണ്. പക്ഷേ, അത്തരം അപകടങ്ങളെക്കുറിച്ച് ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ല. ഇനി അത്തരമൊരു അപകടസാധ്യതയുണ്ടെങ്കിലും, സിലിണ്ടറുകളുടെ വൻ വില വച്ചു നോക്കുമ്പോൾ എന്നേപ്പോലുള്ള സാധാരണക്കാർക്ക് അത് താങ്ങാനാകില്ല’ – പ്ലാസ്റ്റിക് ബാഗിലെ പാചകവാതകം ഉപയോഗിക്കുന്ന ഒരാളെ ഉദ്ധരിച്ച് പാക്ക് മാധ്യമം റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here