‘ശ്രീരാമന്റെ അനു​ഗ്രഹം ഉണ്ടായിരിക്കട്ടെ’; രാഹുൽ ​ഗാന്ധിക്ക് ആശംസകളുമായി അയോധ്യ രാമക്ഷേത്രത്തിലെ പുരോഹിതന്‍

0
225

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 3000 കിലോമീറ്റർ പിന്നിട്ട വേളയിൽ ആശംസകൾ നേർന്ന് രാമജന്മക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ  ആചാര്യ സത്യേന്ദ്ര ദാസ്  രം​ഗത്ത്. രാഹുൽ ​ഗാന്ധിക്ക് ഭ​ഗവാൻ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്ന് ആശംസിച്ചു. കത്തിലൂടെയാണ് അദ്ദേഹം ആശംസകളറിയിച്ചത്. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിന് സത്യേന്ദ്ര ദാസ് പിന്തുണ അറിയിച്ചു. നിങ്ങൾ പോരാടുന്ന ദൗത്യം വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ദീർഘായുസ്സിനായി അനുഗ്രഹിക്കുന്നുവെന്നും കത്തിൽ പറയുന്നു.

നിങ്ങൾ ജനങ്ങളുടെ താൽപ്പര്യത്തിനും അവരുടെ സന്തോഷത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ശ്രീരാമന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും കത്തിൽ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാലാണ് താൻ യാത്രയിൽ പങ്കെടുക്കാതിരുന്നതെന്ന് സത്യേന്ദ്രദാസ് അറിയിച്ചതായി കോൺ​ഗ്രസ് അയോധ്യ വക്താവ് സുനിൽ ​ഗൗതം പറഞ്ഞു. പങ്കെടുക്കാൻ കഴിയില്ലെങ്കിലും കത്തിലൂടെ അദ്ദേഹം യാത്രയ്ക്ക് ധാർമ്മിക പിന്തുണ നൽകിയെന്നും സുനിൽ ​ഗൗതം വ്യക്തമാക്കി.

രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ശരിയായതും സമയോചിതവുമാണെന്നും സത്യേന്ദ്ര ദാസ്  കൂട്ടിച്ചേർത്തു. ഒമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ചൊവ്വാഴ്ച ദില്ലിയിൽ പുനരാരംഭിച്ചു. ഇന്ന് ഉച്ചയോടെ ഉത്തർപ്രദേശ് അതിർത്തിയായ ഗാസിയാബാദിലെ ഗോകുൽപുരിയിൽ വച്ച് പതാക കൈമാറും. യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ യാത്ര കശ്മീരിലവസാനിക്കും. രണ്ടാം ഘട്ടത്തിൽ പ്രതിപക്ഷ സഖ്യനീക്കം ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീങ്ങുന്നത്.

പ്രതിപക്ഷ സഖ്യം വൈകാതെ  യാഥാർത്ഥ്യമാകുമെന്ന് യാത്രക്കൊപ്പമുള്ള യോഗേന്ദ്ര യാദവ് പറഞ്ഞു . ഭാരത് ജോഡോ യാത്രയിലൂടെ പ്രതിപക്ഷ മനസുകളിൽ ഐക്യം രൂപപ്പെട്ടു കഴിഞ്ഞു. സീറ്റ് ചർച്ചകളടക്കമുള്ള കാര്യങ്ങൾ വിദൂര വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഭാരത് ജോഡോ യാത്രയിൽ സുരക്ഷ കൂട്ടി. ദില്ലി പൊലീസിനൊപ്പം കേന്ദ്ര സേനയുടെ വിന്യാസവും കൂട്ടിയിട്ടുണ്ട്.രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി. ശ്രീനിവാസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here