പുതുവർഷപ്പിറവിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതാണ് ഒരു വിമാനത്തിന്‍റെ ‘ടൈം ട്രാവൽ’ വിശേഷങ്ങൾ. 2023 ജനുവരി ഒന്നിന് പറന്നുയരുന്ന വിമാനം 2022ൽ ലാൻഡ് ചെയ്യുന്നതായുള്ള യാത്രാവിശദാംശങ്ങളും വൈറലായി. ശാസ്ത്രലോകം വിഭാവനം ചെയ്യുന്ന ‘ടൈം ട്രാവൽ’ ഇതല്ലായെങ്കിലും 2023ൽ പറന്നുയർന്ന വിമാനം 2022ൽ ലാൻഡ് ചെയ്തുവെന്നത് യാഥാർഥ്യമാണ്. അതിന്‍റെ കാരണവും രസകരമാണ്.
യുനൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 777-300 വിമാനമാണ് വർഷം പിന്നിലേക്ക് യാത്രക്കാരെയും കൊണ്ട് പറന്നത്. ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിലെ ഇഞ്ചിയോൺ വിമാനത്താവളത്തിൽ നിന്ന് പുതുവർഷ ദിനത്തിലാണ് ബോയിങ് 777-300 വിമാനം പറന്നുയർന്നത്. ജനുവരി ഒന്നിന് പുലർച്ചെ 12.29നാണ് യാത്ര തുടങ്ങിയത്. യു.എസിലെ സാൻഫ്രാൻസിസ്കോയിലേക്കായിരുന്നു യാത്ര. വിമാനം കിഴക്കോട്ട് പറന്ന് ശാന്തസമുദ്രത്തിലെ ‘ദിനാങ്ക രേഖ’ അഥവാ അന്താരാഷ്ട്ര തീയതി രേഖ മുറിച്ചുകടന്നതും തിയതി ഒരു ദിവസം പിന്നോട്ട് പോയി. അങ്ങനെ വിമാനം പറന്ന് 2022 ഡിസംബർ 31ലേക്ക് എത്തി. 2023 ജനുവരി ഒന്നിന് പറന്നുയർന്ന വിമാനം ഒമ്പത് മണിക്കൂറും 46 മിനിറ്റും പറന്ന് സാൻഫ്രാൻസിസ്കോയിൽ ഇറങ്ങുമ്പോൾ അവിടെ സമയം 2022 ഡിസംബർ 31 വൈകീട്ട് 5.01 മാത്രമായിരുന്നു.
This is so cool!
Flight #UA858 took off in 2023 but will land back in 2022.https://t.co/7QFa4kNfU9#BackToTheFuture pic.twitter.com/X2JyrrVR7T
— Flightradar24 (@flightradar24) December 31, 2022