നോട്ടുനിരോധനം ശരിവെച്ച് സുപ്രീം കോടതി; ഭിന്നവിധിയുമായി ജസ്റ്റിസ് ബി.വി. നാഗരത്ന

0
261

ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടിസംബന്ധിച്ച കേസുകളില്‍ വിധിപറഞ്ഞത് സുപ്രീം കോടതി. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായിയും ബി.വി. നാഗരത്നയും വെവ്വേറെ വിധികളാണ് പുറപ്പെടുവിച്ചത്.

നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് ഗവായി വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും ഗവായിയുടെ വിധിപ്രസ്താവത്തില്‍ പറയുന്നു. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരം. നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. അഞ്ച് ജഡ്ജിമാരില്‍ മൂന്ന് ജഡ്ജിമാര്‍ ഗവായിയുടെ വിധിയിയോട് യോജിച്ചു.

ഗവായിയുടെ വിധിയില്‍നിന്നും ഭിന്നവിധിയാണ് ബി.വി നാഗരത്‌നയുടേത്. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് നാഗരത്നയുടെ വിധിയില്‍ പറയുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസർവ് ബാങ്കിനാണെന്നും നാഗരത്നയുടെ വിധിയില്‍ പറയുന്നു.

ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

വളരെ സൂക്ഷമതയോടെ ആലോചിച്ചെടുത്ത തീരുമാനമാണ് നോട്ട് നിരോധനമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടത്. വ്യാജ കറന്‍സികള്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, നികുതിവെട്ടിപ്പ്, കള്ളപ്പണം എന്നിവയ്ക്കെതിരെയുള്ള പോരാട്ടത്തിനുള്ള വലിയ നയതന്ത്രത്തിന്റെ ഭാഗമായിട്ടുള്ള നടപടിയാണ് നോട്ട് നിരോധനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. കോടതിക്ക് ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുന്നതിന് പരിമിധികളുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യാജ നോട്ടുകളും കള്ളപ്പണവും നിയന്ത്രിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കേന്ദ്രം പരിശോധിച്ചിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ പി. ചിദംബരം വാദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here