കൊച്ചി: ഭക്ഷണകാര്യത്തില്‍ മലയാളിക്കൊപ്പംചേര്‍ത്ത് വായിക്കുന്ന വിഭവം ഏതെന്നുചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ…പൊറോട്ട. ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ കണക്കെടുക്കുമ്പോഴും മലയാളിക്ക് പൊറോട്ട കഴിഞ്ഞേ മറ്റെന്തുമുള്ളൂ. സാദാ പൊറോട്ട, കൊത്തു പൊറോട്ട, നൂല്‍ പൊറോട്ട, ബണ്‍ പൊറോട്ട, കോയിന്‍ പൊറോട്ട അങ്ങനെ നീളുന്നു മലയാളിയുടെ തീന്‍മേശയിലെ പൊറോട്ടവിശേഷം…
മലയാളിക്ക് പൊറോട്ടയോടുള്ള ഈ ഇഷ്ടംപറയുന്ന കണക്കുകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പായ സ്വിഗ്ഗി പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം സ്വിഗ്ഗി വഴി മലയാളികള്‍ ഏറ്റവുംകൂടുതല്‍ ഓര്‍ഡര്‍ചെയ്തത് കേരള പൊറോട്ടയാണെന്നാണ് കമ്പനി പറയുന്നത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും കണക്കുകളാണിത്.
കേരള പൊറോട്ട, ചിക്കന്‍ ബിരിയാണി, ഇടിയപ്പം, പത്തിരി, മസാലദോശ എന്നിവയാണ് സ്വിഗ്ഗിയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ച വിഭവങ്ങള്‍. ലഘുഭക്ഷണവിഭാഗത്തില്‍ ചിക്കന്‍ഫ്രൈ, അപ്പം എന്നിവയാണ് കൂടുതല്‍ ഓര്‍ഡര്‍ചെയ്യപ്പെട്ടത്. ഐസ് ക്രീം, ഫലൂദ, ചോക്കോലാവ, കോക്കനട്ട് പുഡ്ഡിങ് എന്നീ ഡെസേര്‍ട്ടുകള്‍ക്കും ആവശ്യക്കാരേറെ.
ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ ഊണും മീന്‍കറിയുംപോലുള്ള വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്നാണ് ഹോട്ടലുകളില്‍നിന്നുള്ള വിവരം. മീന്‍വിഭവങ്ങളെല്ലാം ഹോട്ടലുകളില്‍ നേരിട്ടെത്തി കഴിക്കാനാണ് കൂടുതല്‍പ്പേരും ഇഷ്ടപ്പെടുന്നത്. ഉച്ചഭക്ഷണസമയത്താണ് ഇതിന് ആവശ്യക്കാര്‍ കൂടുതലും. എന്നാല്‍, ഓണ്‍ലൈനില്‍ ഉച്ചഭക്ഷണത്തിനാണ് പൊറോട്ടയ്ക്കും ബിരിയാണിക്കും ഓര്‍ഡറുകള്‍ കൂടുതല്‍ ലഭിക്കുന്നതും.
പൊറോട്ടയ്ക്ക് ബീഫ്, അല്ലെങ്കില്‍ ചിക്കന്‍കറിയാണ് ഇഷ്ട കോമ്പിനേഷന്‍. വെജിറ്റേറിയന്‍കാര്‍ക്കിടയില്‍ താരം മസാലദോശ, നെയ്‌റോസ്റ്റ്, അപ്പം, ഇടിയപ്പം, വെജ് ബിരിയാണി, വെജ് ഫ്രൈഡ് റൈസ് എന്നിവയാണ്. ചില്ലി ഗോബി, ഗോബി മഞ്ചൂരിയന്‍, പനീര്‍ ബട്ടര്‍മസാല, ചില്ലി ഗോബി ഡ്രൈ ഫ്രൈ എന്നിവയുമുണ്ട്.
തട്ടുദോശവിട്ട് അറേബ്യനിലേക്ക്
വൈകുന്നേരങ്ങളില്‍ അറേബ്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍ വിഭവങ്ങള്‍ക്കാണ് ഓര്‍ഡറുകള്‍ കൂടുതല്‍. പണ്ടുകാലത്ത് തട്ടുകടകളില്‍ പോയി നല്ലദോശയും ചമ്മന്തിയും കൂടെയൊരു ഓംലെറ്റും കഴിക്കുന്നതായിരുന്നു മലയാളികളുടെ ഭക്ഷണരീതി. ഇന്നിപ്പോള്‍ പതിവുമാറി. തട്ടുകടകളില്‍ ദോശയ്ക്കുപകരം അറേബ്യന്‍മന്തിയും ചൈനീസ് നൂഡില്‍സും ഫ്രൈഡ് റൈസുമൊക്കെയായി. മലയാളിയുടെ ഭക്ഷണസംസ്‌കാരംതന്നെ മാറുന്നതിന്റെ സാക്ഷ്യമാണിത്.