ന്യൂഡല്‍ഹി: നാലുമാസം മുമ്പ് നാടകീയമായി കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി ഗുലാംനബി ആസാദ് ചര്‍ച്ചകള്‍ നടത്തിവരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് 26-നാണ് ഗുലാം നബി കോണ്‍ഗ്രസുമായുള്ള അഞ്ചുപതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള ബന്ധം ഉപേക്ഷിച്ചത്. ഒക്ടോബറില്‍ ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനവും രൂപവത്കരിച്ചിരുന്നു.
ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് അടുത്തിടെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ നയത്തോടല്ല മറിച്ച് അതിന്റെ ദുര്‍ബലമായ സംഘടനാസംവിധാനത്തോടാണ് തനിക്ക് എതിര്‍പ്പെന്നും അദ്ദേഹം പ്രസ്താവന നടത്തുകയുണ്ടായി.
പ്രസ്താവനയ്ക്ക് പിന്നാലെ ഭാരത് ജോഡോ യാത്രയുടെ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ് ഗുലാം നബിയെ പരസ്യമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനും അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് തിരിച്ചുവരവിനുള്ള നീക്കങ്ങള്‍ ഗുലാം നബി ആസാദ് നടത്തുന്നത്.
ജി-23യിലെ നേതാക്കളായിരുന്ന അഖിലേഷ് പ്രസാദ് സിങ്, ഭൂപീന്ദര്‍ സിങ് ഹൂഡ എന്നിവരുമായി ഗുലാംനബി സംസാരിക്കുകയും തിരിച്ചുവരവിനുള്ള വഴികള്‍ ആലോചിക്കുകയും ചെയ്തുവെന്നാണ് എന്‍.എന്‍.ഐ. റിപ്പോര്‍ട്ട്. ഈ രണ്ടു നേതാക്കളേയും കോണ്‍ഗ്രസ് അടുത്തിടെ സുപ്രധാന സ്ഥാനങ്ങളില്‍ നിയോഗിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന ചില നേതാക്കള്‍ അടുത്തിടെ ആസാദ് ക്യാമ്പും വിട്ടിരുന്നു. ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിലെത്തുമ്പോള്‍ ഈ നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം ചേരുമെന്നാണ് സൂചന.
രാഹുല്‍ ഗാന്ധിക്കെതിരെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. എന്നാല്‍ ആസാദിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനോട് ഗാന്ധി കുടുംബത്തിനും എതിര്‍പ്പില്ലെന്നാണ് വിവരം. അഖിലേഷ് പ്രസാദ് സിങ്, ഭൂപീന്ദര്‍ സിങ് ഹൂഡ, അംബികാ സോണി എന്നിവരെയാണ് ഗുലാം നബിയുമായി ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചിരിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായ അംബികാ സോണിക്ക് ആസാദുമായി അടുത്ത രാഷ്ട്രീയ ബന്ധമുണ്ട്.
രാഹുലിനെതിരെ രൂക്ഷവിമര്‍ശനം നടത്തി പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ ആദ്യം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കട്ടെ ശേഷം പാര്‍ട്ടിയിലേക്ക് തിരികെയെത്താം എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിന് ജയ്‌റാം രമേശ് ഗുലാം നബിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം ഇതുവരെ മറുപടിയൊന്നും നല്‍കിയിട്ടില്ല.