ഫുട്‍ബോള്‍ ഇതിഹാസത്തിന് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ച് എ ആര്‍ റഹ്‍മാൻ

0
288

ഫുട്‍ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ക്യാൻസര്‍ ബാധിതനായിരുന്നു. പല തലമുറകളുടെ ആവേശമായിരുന്ന പെലെയ്‍ക്ക് ആദരാഞ്‍ജലി നേരുകയാണ് സംഗീതജ്ഞൻ എ ആര്‍ റഹ്‍മാനും.

ഫുട്‍ബോള്‍ ഇതിഹാസ താരത്തിന്റെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെൻഡ്’. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാൻ ആയിരുന്നു. എ ആര്‍ റഹ്‍മാൻ പെലെയുടെ ജീവചരിത്ര സിനിമയ്‍ക്ക് വേണ്ടി പാടുകയും ചെയ്‍തിരുന്നു. ആ പാട്ട് പങ്കുവെച്ചാണ് എ ആര്‍ റഹ്‍മാൻ പെലെയ്‍ക്ക് ആദരാഞ്ജലി നേര്‍ന്നിരിക്കുന്നത്. സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ എന്നാണ് എ ആര്‍ റഹ്‍മാൻ എഴുതിയിരിക്കുന്നത്. ഈ ഗാനം അദ്ദേഹത്തിന്റെ ഇതിഹാസ ജീവിതത്തെ ആദരിച്ചുകൊണ്ട് സമര്‍പ്പിക്കുന്നുവെന്നും അന്നാ ബിയാട്രീസിനൊപ്പം പാടിയ ഗാനം പങ്കുവെച്ച് എ ആര്‍ റഹ്‍മാൻ എഴുതിയിരിക്കുന്നു. ഏറെ പ്രശസ്‍തി നേടിയ മ്യൂസിക് വീഡിയോയായിരുന്നു എ ആര്‍ റഹ്‍മാൻ സംഗീതം ചെയ്‍ത ‘ജിംഗ’.

മൂന്ന് ലോകകപ്പുകള്‍ നേടിയ ഒരേയൊരു താരമാണ് ബ്രസീലിന്റെ പെലെ. 1958, 1962,1970 ലോകകപ്പുകളാണ് പെലെ നേടിയത്. 14 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 12 ഗോളുകളും 10 അസിസ്റ്റുമാണ് പെലെ നേടിയത്. ഫിഫയുടെ നൂറ്റാണ്ടിന്റെ താരം, ഐഒസി അത്‍ലറ്ര് ഓഫ് ദ ഇയര്‍, ഫിഫാ ലോകകപ്പ് മികച്ച താരം തുടങ്ങിയ ഒട്ടേറെ ബഹുമതികള്‍ പെലെ നേടിയിട്ടുണ്ട്.

സാവ പോളോയില്‍ 1940 ഒക്ടോബര്‍ 23നാണ് പെലെ ജനിച്ചത്. പതിനാറാം വയസ്സിലാണ് പെലെ ബ്രസീല്‍ ടീമിലെത്തിയത്. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ താരമാണ് പെലെ. 77 ഗോളുകളാണ് പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നാണ് നേട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here