മുംബൈ: ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങള്‍ ഒത്തുചേര്‍ന്ന സ്ത്രീയെ ജീവിത പങ്കാളിയാക്കാനാണ് ആഗ്രഹമെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിയെ കുറിച്ച് രാഹുല്‍ മനസ്സുതുറന്നത്.
തന്‍റെ ജീവിതത്തിലെ സ്നേഹമാണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്നും സോണിയാ ഗാന്ധി കഴിഞ്ഞാൽ മുത്തശ്ശി തനിക്കു രണ്ടാമത്തെ അമ്മയാണെന്നും രാഹുൽ പറഞ്ഞപ്പോഴാണ് യുട്യൂബര്‍ ജീവിത പങ്കാളിയെ കുറിച്ചുള്ള ചോദ്യംചോദിച്ചത്. മുത്തശ്ശിയുടെ സ്വഭാവ സവിശേഷതകളുള്ള ഒരു സ്ത്രീയെ ജീവിത പങ്കാളിയാക്കാനാണോ താത്പര്യമെന്നായിരുന്നു ചോദ്യം. രാഹുലിന്‍റെ മറുപടിയിങ്ങനെ- “അതൊരു രസകരമായ ചോദ്യമാണ്. മുത്തശ്ശിയുടെ സ്വഭാവ ഗുണങ്ങള്‍ക്കൊപ്പം എന്‍റെ അമ്മയുടെ ഗുണഗണങ്ങൾ കൂടിയുള്ള സ്ത്രീ ആണെങ്കില്‍ വളരെ നല്ലത്”.
സൈക്കിളുകളും മോട്ടോര്‍ സൈക്കിളുകളും ഓടിക്കാനുള്ള ഇഷ്ടത്തെ കുറിച്ചും രാഹുല്‍ പറഞ്ഞു. താന്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഓടിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും ഇലക്ട്രിക് ബൈക്ക് ഓടിച്ചിട്ടില്ല. ഇലക്ട്രിക് മോട്ടോറുകളുള്ള സൈക്കിളുകളും മൗണ്ടൻ ബൈക്കുകളും നിര്‍മിക്കുന്ന ചൈനീസ് കമ്പനിയെ കുറിച്ചും രാഹുല്‍ പറഞ്ഞു. തനിക്ക് സ്വന്തമായി കാര്‍ ഇല്ലെന്നും രാഹുല്‍ അഭിമുഖത്തിനിടെ പറഞ്ഞു.
“എനിക്ക് ശരിക്കും കാറുകളോട് താൽപ്പര്യമില്ല. മോട്ടോർ ബൈക്കുകളോടും താൽപ്പര്യമില്ല. പക്ഷേ മോട്ടോർ ബൈക്ക് ഓടിക്കാൻ ഇഷ്ടമാണ്. എനിക്ക് വേഗതയില്‍ സഞ്ചരിക്കുകയെന്ന ആശയം ഇഷ്ടമാണ്. വായുവിൽ , വെള്ളത്തിൽ , ഭൂമിയില്‍… സ്വന്തം ഊർജം കൊണ്ട് സൈക്കിൾ ചവിട്ടിയുള്ള യാത്രയാണ് കാറിലും ബൈക്കിലും സഞ്ചരിക്കുന്നിതിനേക്കാൾ ഇഷ്ടം”- രാഹുല്‍ പറഞ്ഞു.
പപ്പു എന്നെല്ലാം വിളിച്ചു പരിഹസിക്കുന്നവരോട് പരിഭവമില്ലെന്നും രാഹുല്‍ വ്യക്തമാക്കി. മിണ്ടാപ്പാവ എന്ന് പരിഹസിക്കപ്പെട്ട ഇന്ദിരാ ഗാന്ധിയാണ് ഉരുക്കു വനിതയെന്ന് അറിയപ്പെട്ടത്. പപ്പു എന്നല്ല, വേറെ എന്തെങ്കിലും പേരു വിളിച്ചാലും പ്രശ്നമില്ല. ഉള്ളില്‍ ഭയമുള്ളവരാണ് ഇത്തരം പേരുകളുമായി വരുന്നത്. തന്റെ മനസ്സ് ശാന്തമാണെന്നും രാഹുല്‍ പറഞ്ഞു.