ബംഗളൂരു: രാജ്യത്ത് കോവിഡ് പടരാൻ കാരണക്കാർ മുസ്ലിം സമുദായമാണെന്ന് ധ്വനിപ്പിക്കുന്ന രീതിയിൽ ‘കുട്ടയിലെ ചീത്ത ആപ്പിളുകൾ’ എന്ന തലക്കെട്ടിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ച മൈസൂർ ആസ്ഥാനമായ ‘സ്റ്റാർ ഓഫ് മൈസൂർ’ സായാഹ്ന പത്രത്തിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) വിലക്ക്. തുടർച്ചയായ മൂന്നുമാസങ്ങളിൽ സംസ്ഥാന സർക്കാറിന്‍റെ പരസ്യങ്ങൾ പത്രത്തിന് നൽകരുതെന്നും കൗൺസിൽ ഉത്തരവിട്ടു. 2020 ഏപ്രിലിലാണ് പത്രം വിവാദ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്.
രാജ്യത്ത് കോവിഡിന്‍റെ തുടക്കസമയത്ത് ഡൽഹിയിൽ തബ്ലീഗ് ജമാഅത്തിന്‍റെ ആഗോള സമ്മേളനം നടന്നിരുന്നു. ഇതാണ് ഇന്ത്യയിൽ കോവിഡ് പടരാൻ കാരണമായതെന്ന് ധ്വനിപ്പിക്കുന്നതാണ് മുസ്ലിം സമുദായം എന്ന് എടുത്ത് പറയാതെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ പറയുന്നത്. ‘ദ കാമ്പയിൻ എഗൈൻസ്റ്റ് ഹേറ്റ് സ്പീച്ച്’ എന്ന കൂട്ടായ്മയാണ് പത്രത്തിന്‍റെ എഡിറ്റർ എം. ഗോവിന്ദ ഗൗഡ, അന്നത്തെ എഡിറ്റർ ഇൻ ചീഫ് കെ.ബി. ഗണപതി എന്നിവർക്കെതിരെ കൗൺസിലിന് പരാതി നൽകിയത്. വ്യക്തികളുടെ തെറ്റുകൾ ഒരു സമുദായത്തിന്‍റെ പേരിൽ ചാർത്തുകയാണ് പത്രം ചെയ്തതെന്നും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഒരു സമൂഹത്തിനു നേരെ വെറുപ്പ് പ്രചരിപ്പിക്കാൻ ഇത് കാരണമായെന്നും പ്രസ് കൗൺസിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
വിവാദമായതോടെ 2020 ഏപ്രിൽ 10ന് പത്രം ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ, ഓഫിസിന് പുറത്ത് ആളുകൾ പ്രതിഷേധിച്ചതുകൊണ്ടാണ് ക്ഷമ പറഞ്ഞതെന്നും ഇതിൽ ആത്മാർഥത ഇല്ലെന്നും കൗൺസിൽ പറയുന്നു.