‘ഞങ്ങളോട് ക്ഷമിക്കണം’; ജന്മനാട്ടിൽ ആരാധകരോട് മാപ്പ് പറഞ്ഞ് മെസ്സി

0
2880

ബ്യൂണസ് ഐറിസ്: 36 വർഷത്തെ കാത്തിരിപ്പിനു ശേഷം അർജന്റീനയിലേക്ക് ലോകകപ്പ് കിരീടമെത്തിയതിന്റെ ആ​ഘോഷം ഇപ്പോഴും തുടരുകയാണ്. ആയിരങ്ങളാണ് ഇപ്പോഴും റൊസാരിയോ അടക്കമുള്ള ന​ഗരങ്ങളിൽ തങ്ങളുടെ രാജ്യത്തിന്റെ മൂന്നര പതിറ്റാണ്ട് നീണ്ട സ്വപ്ന സാഫല്യത്തിൽ ആറാടുന്നത്. തുടർ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫ്രാൻസിനെ കെട്ടുകെട്ടിച്ച് ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിയിൽ നിറഞ്ഞാടിയ ടീം മൂന്നാം തവണയാണ് ലോകകപ്പിൽ മുത്തമിട്ടത്.

മുൻനിരയിൽ നിന്ന് നിറഞ്ഞുകളിച്ച മെസ്സി ഫൈനലിൽ രണ്ട് ഗോളുകൾ നേടുകയും പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ടൂർണമെന്റിലുടനീളം 35കാരൻ ഏഴ് ഗോളുകൾ അടിച്ചു. മൂന്ന് അസിസ്റ്റുകൾ നൽകി. തന്റെ ഓൾറൗണ്ട് പ്രകടനത്തിന് മെസ്സിക്ക് 2014 ലോകകപ്പിന് ശേഷം കരിയറിൽ രണ്ടാം തവണയും ‘ഗോൾഡൻ ബോൾ’ ലഭിച്ചു. നേട്ടത്തിന്റെ കൊടുമുടിയിൽ വീണ്ടും മുത്തമിട്ടതിലൂടെ മെസ്സിക്കും സംഘത്തിനും വൻ സ്വീകരണമാണ് ജന്മനാട്ടിൽ ലഭിച്ചത്. തലസ്ഥാന നഗരം നീലക്കടലായ വിധം ആവേശോജ്വല സ്വീകരണമാണ് ടീമിനായി രാജ്യം കാത്തുവച്ചത്.

എന്നാൽ, ആ സ്വീകരണത്തിനിടയിലും ജന്മനാട്ടിലെ ആരാധകരോട് ക്ഷമ ചോദിച്ച മെസ്സിയുടെ അവിചാരിത നീക്കമാണ് ഇപ്പോൾ കാൽപ്പന്തുലോകത്ത് ചർച്ചാ വിഷയം. മഹത്തായ വിജയത്തിന് പത്ത് ദിവസത്തിന് ശേഷവും തങ്ങളുടെ നായകനെ ഒരു നോക്കു കാണാനുള്ള കാത്തിരിപ്പിലാണ് എണ്ണമറ്റ ആരാധകർ. കാൽപ്പന്തിന്റെ മിശിഹ ജന്മസ്ഥലമായ റൊസാരിയോയിൽ എത്തിയപ്പോൾ ലക്ഷക്കണക്കിന് ആരാധകരാണ് അദ്ദേഹത്തിന്റെ വീടിന് പുറത്ത് തടിച്ചുകൂടിയത്. എന്നാൽ, ഇപ്പോഴും തന്നെ കാണാൻ സാധിക്കാത്ത ആരാധകരോടാണ് മെസ്സി ക്ഷമാപണം നടത്തിയത്.

“റൊസാരിയോയിലെ, ഫ്യൂൺസിലെ ഉൾപ്പെടെ എല്ലാ ആളുകൾക്കും ആശംസകൾ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ എപ്പോഴും ഞങ്ങളോട് കാണിച്ച സ്നേഹത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഇപ്പോൾ ഞാൻ ലോകകപ്പ് വിജയ ശേഷം തിരിച്ചെത്തിയ ഈ സമയത്ത്. ഞങ്ങളോട് ക്ഷമിക്കണം. കാരണം ചിലപ്പോൾ എല്ലാവരേയും കാണാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ കുറച്ച് ദിവസത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമായിരിക്കും. അതിനാൽ തന്നെ എല്ലാ ആരാധകരേയും കാണുക എന്നത് സങ്കീർണവുമാണ്”-മെസ്സിയെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

2022ലെ വിശ്വകാൽപ്പന്ത് മേള അവസാനിച്ചതോടെ, ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (26) കളിച്ചതിന്റെ ലോക റെക്കോർഡും മെസ്സി സ്വന്തമാക്കി. ലോകകപ്പിന്റെ ആധുനിക ഫോർമാറ്റിന്റെ എല്ലാ റൗണ്ടിലും ഗോൾ നേടുന്ന ആദ്യ കളിക്കാരനുമായി. ഡിസംബർ 18ന് നടന്ന ഫൈനലിൽ നിശ്ചിത സമയം 2-2 സ്കോർ നേടി ഇരു ടീമുകളും ബലാബലം ആയതോടെ കളി എക്സ്ട്രാ മിനിറ്റിലേക്ക് നീങ്ങുകയും അവിടെയും മറുപടി ​ഗോളടിച്ച് അർജന്റീനയെ ഫ്രാൻസ് സമനിലയിൽ തളയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടന്ന ഷൂട്ടൗട്ടിലാണ് അർജന്റീന രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് കിരീടത്തിൽ മുത്തമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here