ആദ്യ പരിശോധനയിൽ രക്ഷപ്പെട്ടു, വിമാനത്താവളത്തിന് പുറത്തുമെത്തി; പക്ഷേ 19 കാരി ഷഹലയെ കുടുക്കിയ ‘രഹസ്യവിവരം’

0
361

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ പത്തൊൻപതുകാരിയിൽ നിന്ന് സ്വർണം പിടിച്ചെടുത്ത സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച പത്തൊൻപതുകാരി മറിയം ഷഹലയെ കുടുക്കിയത് പൊലീസിന് ലഭിച്ച നി‍ർണായകമായ രഹസ്യ വിവരമായിരുന്നു. ആദ്യം കസ്റ്റംസ് പരിശോധനയിൽ രക്ഷപ്പെട്ട് വിമാനത്താവളത്തിന് പുറത്തുപോലും എത്തിയ പത്തൊൻപതുകാരിയിൽ നിന്ന് സ്വർണം കണ്ടെത്താൻ വഴിത്തിരിവായത് ഈ രഹസ്യവിവരമായിരുന്നു.

ആർക്കും ഒരു വിധത്തിലുമുള്ള സംശയവും തോന്നാത്ത രീതിയിലായിരുന്നു ദുബായിയിൽ നിന്ന് ഷഹല എത്തിയത്. ഉൾവസ്ത്രത്തിൽ സ്വർണം അതിവിദഗ്ധമായാണ് തുന്നിചേർത്തിരുന്നത്. ദുബായിൽ നിന്നെത്തിയ കാസർകോടുകാരിയായ ഷഹലയെ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഷഹല രക്ഷപ്പെട്ടു എന്നുറപ്പിച്ചു. അധികം താമസിക്കാതെ തന്നെ ഷഹല വിമാനത്താവളത്തിൽനിന്ന് പുറത്തും എത്തി. രക്ഷപ്പെട്ട് പോകവെയാണ് നിർണായക വിവരവുമായി പൊലീസ് എത്തിയത്. ദുബായില്‍ നിന്നുള്ള വിമാനത്തിലെ യാത്രാക്കാരിയായ കാസറഗോഡ് ചെങ്ങള സ്വദേശി മറിയം ഷഹല സ്വർണ്ണം കൊണ്ടുവരുന്നുണ്ടെന്നായിരുന്നു പൊലീസ് ലഭിച്ച രഹസ്യവിവരം. ജില്ലാ പൊലീസ് മേധാവിക്കാണ് കൃത്യമായ വിവരം ലഭിച്ചത്.

അതുകൊണ്ടുതന്നെ കരിപ്പൂരിൽ കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെട്ട് പുറത്തിറങ്ങിയ ഷഹലയെ അർധ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും സ്വർണ്ണം കടത്തിക്കൊണ്ട് വന്ന കാര്യം ഇവർ സമ്മതിച്ചില്ല. സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് യുവതി തീർത്തു പറഞ്ഞു. ലഗേജടക്കം വിശദമായി പരിശോധിച്ചിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായില്ല. അപ്പോളും രഹസ്യവിവരം ശരിതന്നെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് യുവതിയുടെ ദേഹപരിശോധന വിശദമായി നടത്താൻ തീരുമാനിച്ചത്. ദേഹപരിശോധനയിൽ അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകളാണ് കണ്ടെത്താനായത്. മിശ്രിത രൂപത്തിലുള്ള സ്വർണ്ണമായിരുന്നു യുവതിയുടെ അടിവസ്ത്രത്തിൽ കണ്ടെത്തിയത്.

ഉടൻ തന്നെ പൊലീസ് കസ്റ്റംസിനെ പൊലീസ് വിവരമറിയിച്ച് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 1884 ഗ്രാം സ്വർണ്ണമാണ് മൊത്തത്തിൽ ഉണ്ടായിരുന്നത്.  ഒരു കോടിയോളം രൂപയുടെ സ്വർണമാണിത്. ദുബായിൽ നിന്നുള്ള സംഘമാണ് സ്വർണം കൊടുത്തയച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. മറ്റൊരു രാജ്യത്തു നിന്നുള്ള സ്വർണ്ണക്കടത്ത് ആയതിനാൽ അന്വേഷണത്തിന് പൊലീസിന് സാങ്കേതിക പരിമിതികളുണ്ട്. പിടിയിലായ യുവതിയെ പൊലീസ് വിട്ടയച്ചു. വിശദമായ റിപ്പോർട്ട് കസ്റ്റംസിനു സമർപ്പിക്കുമെന്ന് കരിപ്പൂർ പൊലീസ് അറിയിച്ചു. കസ്റ്റംസാണ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കേണ്ടത്. കസ്റ്റംസ് നടപടി വരും ദിവസങ്ങളിൽ അറിയാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here