‘രാഹുലിന്റെ പ്രസംഗം പ്രകമ്പനമുണ്ടാക്കുന്നു’: പ്രിയ സഹോദരനെന്ന് വിശേഷിപ്പിച്ച് സ്റ്റാലിൻ

0
201

ചെന്നൈ ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്തു പ്രകമ്പനം സൃഷ്ടിക്കുന്നുവെന്നു സ്റ്റാലിൻ പറഞ്ഞു. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാൽ നെഹ്റുവിനെയും സ്റ്റാലിൻ അനുസ്മരിച്ചു.

മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നെഹ്റുവിനെയും മഹാത്മാഗാന്ധിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണ്. നെഹ്‌റുവിനെ കുറിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് എ.ഗോപണ്ണ എഴുതിയ ‘മാമനിതാർ നെഹ്‌റു’ എന്ന പുസ്തകം ചെന്നൈയിൽ പ്രകാശനം ചെയ്യവേയാണു സ്റ്റാലിന്റെ പരാമർശം. ‘പ്രിയ സഹോദരൻ രാഹുൽ’ ഭാരത് ജോഡോ യാത്ര നടത്തുകയാണ്. കന്യാകുമാരിയിൽനിന്ന് അത് ഫ്ലാഗ് ഓഫ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്– സ്റ്റാലിൻ കൂട്ടിച്ചേർത്തു.

‘‘രാഹുലിന്റെ പ്രസംഗങ്ങൾ രാജ്യത്തു പ്രകമ്പനം സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റേതു തിരഞ്ഞെടുപ്പ് രാഷ്ട്രീയമോ കക്ഷി രാഷ്ട്രീയമോ അല്ല. പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണു സംസാരിക്കുന്നത്. അതുകൊണ്ടാണു ചില വ്യക്തികൾ അദ്ദേഹത്തെ ശക്തമായി എതിർക്കുന്നത്. രാഹുലിന്റെ സംസാരം ചിലപ്പോൾ നെഹ്‌റുവിനെപ്പോലെയാണ്. നെഹ്റുവിന്റെ കൊച്ചുമകൻ അങ്ങനെ സംസാരിച്ചില്ലെങ്കിലേ അദ്ഭുദമുള്ളൂ. മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും അനന്തരാവകാശികളുടെ വർത്തമാനങ്ങളിൽ ഗോഡ്‌സെയുടെ പിൻഗാമികൾക്കു കയ്പേ തോന്നൂ’– സ്റ്റാലിൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here