ക്യാൻസര്‍ നേരത്തെ തിരിച്ചറിയുക; ഏവരും അറിയേണ്ടത്…

0
225

ക്യാൻസര്‍ രോഗം എത്രമാത്രം ഗൗരവമുള്ളതാണെന്ന് ഏവര്‍ക്കും അറിയാം. പലപ്പോഴും രോഗം കണ്ടെത്താൻ സമയം വൈകുന്നത് മൂലമാണ് ചികിത്സ വൈകുന്നതും അതുപോലെ തന്നെ മരണത്തിന് കാരണമാകുന്നതും.

ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്യാൻസര്‍ മരണങ്ങളില്‍ നാല്‍പത് ശതമാനവും ഒഴിവാക്കാവുന്നതാണെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. ഇതിനുള്ള കാരണവും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.

ആഗോളതലത്തില്‍ ഇത്രയധികം മരണം വരുമ്പോള്‍ പോലും ക്യാൻസറിനെ സമയബന്ധിതമായി തിരിച്ചറിയേണ്ടതിന്‍റെ പ്രാധാന്യം സംബന്ധിച്ച് കാര്യമായ ബോധവത്കരണം ലോകത്ത് നടക്കുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. വികസിത രാജ്യങ്ങളില്‍ പോലും ഈ വിഷയത്തില്‍ അവസ്ഥ മോശമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വാദം.

ക്യാൻസര്‍, മിക്ക തരത്തിലുള്ളവയും സമയത്തിന് കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കുന്നതാണ്. ഇതിന് കൃത്യമായ സ്ക്രീനിംഗ് പരിപാടികള്‍ നടത്തണമെന്നതാണ് ഇതിനുള്ള ഒരു പരിഹാരം.

സ്ക്രീനിംഗ് പരിപാടികള്‍ സര്‍ക്കാരുകള്‍ക്കോ വിവിധ സംഘടനകള്‍ക്കോ എല്ലാം നടത്താവുന്നതാണ്. കണ്ണിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കോ അല്ലെങ്കില്‍ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനോ എല്ലാം നമ്മുടെ നാട്ടില്‍ ഇത്തരത്തിലുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ നടക്കാറുണ്ട്. ഇത്തരത്തില്‍ തന്നെ ക്യാൻസര്‍ രോഗത്തിനും സ്ക്രീനിംഗ് പരിപാടികള്‍ നടക്കണമെന്നതാണ് ആവശ്യം.

സ്ക്രീനിംഗില്‍ സംശയം തോന്നുന്നവര്‍ക്ക് അടുത്ത പടിയായി പരിശോധനകള്‍ നടത്താനുള്ള മാര്‍ഗങ്ങള്‍ മുന്നിലുണ്ടാകണം. ഇതിന് ശേഷമാണല്ലോ ചികിത്സയിലേക്ക് കടക്കുന്നത്.

പ്രധാനമായും കാണുന്ന അര്‍ബുദങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് ഏവരിലും അവബോധമുണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും വ്യാപകമായി നടക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമാണ് സമയത്തിന് രോഗനിര്‍ണയം നടത്താൻ സാധിക്കൂ. വ്യക്തികളുടെ സാമ്പത്തിക സാഹചര്യവും ഈ വിഷയത്തില്‍ വലിയ രീതിയില്‍ പ്രതിസന്ധി സൃഷ്ടിക്കാം. എങ്ങനെ ചികിത്സയ്ക്ക് പണം കണ്ടെത്തുമെന്നറിയാത്തതിനാല്‍ രോഗം പരിശോധിച്ച് ഉറപ്പ് വരുത്താൻ പോലും മടിക്കുന്നവരുണ്ട്. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്കെല്ലാം ചികിത്സയ്ക്കുള്ള മാര്‍ഗങ്ങളും മുന്നിലുണ്ടാകേണ്ടതുണ്ട്.

എന്തായാലും ഇത്രയും വലിയൊരു ശതമാനം പേരുടെ മരണം നമുക്ക് ഒഴിവാക്കാവുന്നതാണ് എന്ന് പറയുമ്പോള്‍ അത് തീര്‍ച്ചയായും ഏറെ പ്രധാനപ്പെട്ടൊരു സംഗതി തന്നെയാണ്. ക്യാൻസറിനെ സംബന്ധിച്ച് ഇത് സമയത്തിന് കണ്ടെത്തല്‍ തന്നെയാണ് ഏറ്റവും പ്രധാനം.

LEAVE A REPLY

Please enter your comment!
Please enter your name here