ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ശ്രദ്ധേയമായി ഉലകനായകൻ കമൽഹാസന്റെ രംഗപ്രവേശം. കമൽഹാസന്റെ സാന്നിധ്യം കോൺഗ്രസിനും ഭാരത് ജോഡോ യാത്രയ്ക്കും ശക്തിപകർന്നെന്നാണ് വിലയിരുത്തൽ. ഐടിഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റർ ദൂരം രാഹുലിനൊപ്പം സഞ്ചരിച്ചാണ് കമൽ ഹാസനും യാത്രയുടെ ഭാഗമായത്.
കമലിനൊപ്പം മക്കൾ നീതി മയ്യം നേതാക്കളും യാത്രയിൽ പങ്കെടുത്തു. ചെങ്കോട്ടയിൽ നടന്ന പൊതുയോഗത്തിലും കമൽ ഹാസൻ സംസാരിച്ചു. രാഹുലിന്റെ ക്ഷണം സ്വീകരിച്ചാണ് കമൽഹാസൻ ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്. ”രാഹുൽ ഗാന്ധി നെഹ്റുവിന്റെ പൗത്രനായും താൻ ഗാന്ധിയുടെ ചെറുമകനായുമാണ് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ചെറുമക്കളാണ് ഞങ്ങൾ രണ്ടുപേരും. രാജ്യം ആര് ഭരിക്കുന്നു എന്നത് എനിക്ക് വിഷയമല്ല. ഭരണഘടന ആക്രമിക്കപ്പെട്ടാൽ തെരുവിലിറങ്ങിയിരിക്കും. അതിനായാണ് ഇപ്പോൾ ഇവിടെ എത്തിയിരിക്കുന്നത്. ഈ യാത്രയിൽ പങ്കെടുക്കുന്നതിനെ പലരും വിലക്കിയിരുന്നു. എന്നാൽ എന്റെ ഉള്ളിലുണ്ടായിരുന്ന ചിന്ത, ഭാരതം കൈവിട്ട് പോകുന്നതിന് സഹായിക്കുന്നതിലും നല്ലത് രാജ്യത്തെ പടുത്തുയർത്തുന്നതിന് സഹായിക്കുന്നതല്ലേ എന്നതായിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഈ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഇന്ത്യയുടെ മഹത്തരമായ പാരമ്പര്യത്തെയും രാജ്യത്തിന്റെ ഭാവിയെയും ബന്ധിപ്പിക്കുന്നതിനായി ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. വരും തലമുറകൾക്ക് വേണ്ടിയാണ് ഈ യാത്ര. ഇത്തരമൊരു യാത്രക്ക് നേതൃത്വം നൽകാൻ ധൈര്യം കാണിച്ച രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ’- കമൽഹാസന്റെ വാക്കുകൾ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ആവേശം പകരുന്നതായിരുന്നു.
”പള്ളിയും അമ്പലവും എല്ലാം ചേർന്നതാണ് ഹിന്ദുസ്ഥാൻ. മാധ്യമങ്ങൾ എല്ലാ വിഷയങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. 24 മണിക്കൂറും ഹിന്ദു-മുസ്ലിം എന്ന് മാത്രമാണ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ എല്ലാവരും പരസ്പരം സ്നേഹിക്കുന്നതാണ് ഈ യാത്രയിൽ കണ്ടത്, ബി.ജെ.പി രാജ്യത്ത് ഭീതി വിതക്കുകയാണ്. ബി.ജെ.പി സർക്കാരല്ല അദാനി-അംബാനി സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഡിഗ്രിക്കാർ രാജ്യത്ത് പക്കോട വിൽക്കുകയാണ്. ആയിരം കോടി ചെലവിട്ട് നുണപ്രചാരണം നടത്തിയിട്ടും താനൊന്നും മിണ്ടിയില്ല. സത്യം തനിക്കൊപ്പമാണ്”- രാഹുൽ ഗാന്ധി പറഞ്ഞു.