ഡൽഹി: അടുത്ത വർഷം മാർച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ പ്രവർത്തന ഹതിരമാകുമെന്ന് ആദായനികുതി വകുപ്പ്. 2023 മാർച്ച് 31ന് മുൻപ് പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
പാൻ പ്രവർത്തന രഹിതമായാൽ, ആദായനികുതി നിയമത്തിന് കീഴിൽ വരുന്ന നിയമനടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായനികുതി അടയ്ക്കാൻ സാധിക്കില്ല. പാൻ നമ്പർ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാൽ ബാങ്ക് ഇടപാടുകളും നടക്കില്ല.
പാൻ കാർഡ് വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ നേരിയ അക്ഷരത്തെറ്റ് കടന്നുകൂടിയാൽ തന്നെ പിഴ ചുമത്തും. ഒരാൾക്ക് രണ്ടു പാൻ കാർഡ് ഉണ്ടായാലും സമാനമായ പിഴ ഒടുക്കേണ്ടതായി വരും.
പത്തക്ക നമ്പർ പൂരിപ്പിക്കുമ്പോൾ തന്റെ കൈയിൽ ഒരു പാൻ കാർഡ് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടതായി വരും. ആദായനികുതി വകുപ്പ് അത്തരത്തിലുള്ള പാൻ കാർഡുകൾ റദ്ദാക്കുകയും പിഴ ചുമത്തുകയുമാണ് പതിവ്. വീഴ്ച സംഭവിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വരെ മരവിപ്പിച്ചു എന്നും വരാം. അതിനാൽ രണ്ടാമതൊരു പാൻ കാർഡ് ഉള്ളവർ ഉടൻ തന്നെ അത് ആദായനികുതി വകുപ്പിൽ സറണ്ടർ ചെയ്യേണ്ടതാണ്.