ഗാർഹിക പീഡനം, മനുഷ്യക്കടത്ത്, ഭീഷണി തുടങ്ങിയ അതിക്രമങ്ങൾ വാട്സ്ആപ്പ് വഴിയും റിപ്പോർട്ട് ചെയ്യാൻ സൗകര്യം. ദുബൈ ഫൗണ്ടേഷൻ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ ആണ് പരാതികൾ അറിയിക്കാനും സഹായം തേടാനും എളുപ്പമുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇരകൾക്ക് മാനസികവും സാമൂഹികവും നിയമപരവുമായ സഹായങ്ങൾക്ക് അപേക്ഷിക്കാനും ഇത് ഉപയോഗിക്കാം.
ഫൗണ്ടേഷന്‍റെ സേവനങ്ങൾ സുഗമമാക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 971-800-111 എന്ന ഹോട്ട്‌ലൈൻ നമ്പറിലെ വാട്ട്‌സ്ആപ്പ് വഴിയാണ് ഫൗണ്ടേഷനിലേക്ക് സന്ദേശമയക്കേണ്ടത്.
ഫൗണ്ടേഷന്‍റെ സേവനങ്ങൾ കൂടുതൽ പേരിലേക്കെത്തിക്കാനും ആശയവിനിമയം എളുപ്പമാക്കും സ്മാർട് ചാനലുകൾ സജീവമാക്കാനും ലക്ഷ്യം വെച്ചാണ് പുതിയ സേവനം ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു. വാട്സ്ആപ്പ് സംവിധാനം ഫൗണ്ടേഷന്‍റെ പ്രതികരണ സമയം കുറക്കുമെന്നും സേവനങ്ങൾ സമയബന്ധിതമായി നൽകുന്നത് ഉറപ്പാക്കുമെന്നും ഡി.എഫ്.ഡബ്ല്യൂ.എ.സി ആക്ടിങ് ഡയറക്ടർ ജനറൽ ശൈഖ സഈദ് അൽ മൻസൂരി പറഞ്ഞു.
വെബ്സൈറ്റ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും നിലവിൽ ഫൗണ്ടേഷൻ സേവനങ്ങൾ നൽകി വരുന്നുണ്ട്. ഗാർഹിക പീഡനം, കുട്ടികളെ ദുരുപയോഗം ചെയ്യൽ, മനുഷ്യക്കടത്ത് എന്നിവക്കെതിരെ യു.എ.ഇയിലെ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും സഹായവും നൽകുന്നതിന് 2007ൽ സ്ഥാപിതമായ സംവിധാനമാണ് ഫൗണ്ടേഷൻ. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി പ്രത്യേകമായി പ്രവർത്തിക്കുന്ന യു.എ.ഇയിലെ ആദ്യത്തെ ലൈസൻസുള്ള കേന്ദ്രമാണിത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്ക് അനുസരിച്ച സേവനങ്ങളാണ് ഡി.എഫ്.ഡബ്ല്യൂ.എ.സി നൽകിവരുന്നത്.