ലണ്ടൻ: ഖത്തര്‍ ഫിഫ ലോകകപ്പ് നേടിയ ശേഷം അര്‍ജന്‍റീന ഗോൾ കീപ്പർ എമി മാര്‍ട്ടിനസിന്‍റെ എംബാപ്പെയോടുള്ള പരിഹാസം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി ആഘോഷിച്ചത്. മുഖത്തിന്‍റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ച പാവയുമായിട്ടായിരുന്നു എമി മാര്‍ട്ടിനസിന്‍റെ വിവാദ ആഘോഷം.
എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമര്‍ശനം ഇതിനകം ശക്തമായിക്കഴിഞ്ഞു. അര്‍ജന്‍റീനയുടെ ലോകകപ്പ് ജയത്തിന് ശേഷം ഇതാദ്യമായല്ല കിലിയന്‍ എംബാപ്പെയെ എമി മാര്‍ട്ടിനസ് കളിയാക്കുന്നത്. അര്‍ജന്‍റീന ഡ്രസിംഗ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെയ്‌ക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ എമി ആവശ്യപ്പെടുന്നതിന്‍റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയ ശേഷമുള്ള എമിയുടെ അശ്ലീല ആംഗ്യം വിവാദമാവുകയും ചെയ്തു.
പാശ്ചാത്യ മാധ്യമങ്ങള്‍ എമിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഖത്തര്‍ ഭരണാധികാരികളെയും ഫിഫ തലവനെയും സാക്ഷിയാക്കിയായിരുന്നു അര്‍ജന്‍റീനയുടെ വിജയത്തിലെ മുഖ്യ വിജയശില്‍പ്പിയായ എമി മാർട്ടിനെസിന്‍റെ അതിരുകടന്ന ആഘോഷ പ്രകടനം. ഇപ്പോൾ, എമിയുടെ പ്രവർത്തികളിൽ നീരസം പ്രകടിപ്പിച്ചിരിക്കുകയാണ് താരത്തിന്റെ ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ പരിശീലകൻ ഉമെയ് എംറി. എമി തിരിച്ചെത്തിയ ശേഷം ഈ ആഘോഷങ്ങളെ കുറിച്ച് താരത്തോട് സംസാരിക്കുമെന്ന് പരിശീലകൻ വ്യക്തമാക്കി കഴിഞ്ഞു.
വലിയ വികാരങ്ങൾ ഉണ്ടാകുമ്പോൾ, ചിലപ്പോൾ അത് നിയന്ത്രിക്കാൻ പ്രയാസമാണ്. ചില ആഘോഷങ്ങളെക്കുറിച്ച് അടുത്ത ആഴ്ച തന്നെ അദ്ദേഹത്തോട് സംസാരിക്കും. ഇപ്പോൾ താരം തന്റെ ദേശീയ ടീമിനൊപ്പമാണ് എന്നതിനെ ബഹുമാനിക്കേണ്ടതുണ്ട്. വില്ലയിലേക്ക് തിരിച്ചെത്തുമ്പോൾ നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാമെന്നും ഉനെയ് എംറി പറഞ്ഞു.