കൊച്ചി: അയർലൻഡ് താരം ജോഷ് ലിറ്റലിന് വേണ്ടി 4.40 കോടി മുടക്കി ഗുജറാത്ത് ടൈറ്റൻസ്. ലക്നൗ സൂപ്പർ ജയന്റ്സുമായി നടന്ന വാശിയേറിയ ലേലത്തിന് ശേഷമാണ് ജോഷിനെ ഗുജറാത്ത് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ഐപിഎഎല്ലിന് എത്തിയ രണ്ടാഴ്ച കഴിഞ്ഞപ്പോൾ നിർത്തിപ്പോയ താരമാണ് ജോഷ്. ചെന്നൈ സൂപ്പർ കിംഗ്സ് ആയിരുന്നു ജോഷിനെ കഴിഞ്ഞ തവണ ടീമിൽ എടുത്തത്. എന്നാൽ, ടീമിലെത്തിയ ശേഷം മാത്രമാണ് നെറ്റ് ബൗളറെയാണ് ചെന്നൈയ്ക്ക് വേണ്ടിയിരുന്നതെന്ന് താൻ അറിഞ്ഞതെന്ന് ജോഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആർക്കെങ്കിലും പരിക്ക് പറ്റിയാൽ കളിപ്പിക്കാമെന്ന് അവർ പറഞ്ഞു. ആഗ്രഹിക്കുമ്പോൾ ഒന്നും പന്തെറിയാൻ സാധിച്ചില്ല. പരിശീലനത്തിൽ പോലും പരമാവധി രണ്ട് ഓവറുകളാണ് താൻ ചെയ്തതെന്നും ജോഷ് ലിറ്റിൽ പറഞ്ഞു. 53 ട്വന്റി 20കളിൽ നിന്ന് 62 വിക്കറ്റഉകൾ നേടിയിട്ടുള്ള താരത്തെ സുരേഷ് റെയ്ന അടക്കമുള്ളവർ മുമ്പ് പുകഴ്ത്തിയിരുന്നു. അതേസമയം, ഇത്തവണ ബെൻ സ്റ്റോക്സിനെ 16.25 കോടിക്കാണ് സിഎസ്കെ വിളിച്ചെടുത്തത്.
സൺറൈഴേസ്സും ലക്നൗ സൂപ്പർ ജയ്ന്റസും അടക്കമുള്ള താരത്തിനായി വാശിയോടെ കളത്തിലുണ്ടായിരുന്നെങ്കിലും ചെന്നൈ ഉറച്ച് നിന്നതോടെ എല്ലാവരും അവസാനം മുട്ടുമടക്കുകയായിരുന്നു. അതേസമയം, ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ വൻ തുക മുടക്കി ടീമിലെത്തിച്ചത് മുംബൈ ഇന്ത്യൻസാണ്. 17.50 കോടി രൂപയാണ് ഗ്രീനിനെ മുംബൈ സ്വന്തമാക്കിയത്.
ഗ്രീനിനായി മുംബൈ ഇന്ത്യൻസാണ് ആദ്യം വിളിച്ച് തുടങ്ങിയത്. ആദ്യം ആർസിബി കൂടെ വിളിച്ചെങ്കിലും ഏഴ് കോടി കടന്നതോടെ വിട്ടു. പിന്നീട് ഡൽഹി ക്യാപിറ്റൽസുമായാണ് മുംബൈ ഗ്രീനിനായി മത്സരിച്ച് വിളിച്ചത്. മുംബൈ രണ്ടും കൽപ്പിച്ചായിരുന്നു. എതിർ ടീം കൂട്ടി വിളിച്ചാൽ അൽപ്പനേരം പോലും ആലോചിക്കാതെ തന്നെ കൂട്ടി വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ വില 17 കോടിയും കടന്നതോടെ ഡൽഹിയും ലേലത്തിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.