കൊച്ചി: ഐപിഎൽ മിനി താര ലേലത്തിന്റെ കണക്കുകളിൽ ഞെട്ടി ക്രിക്കറ്റ് ആരാധകർ. ഇതുവരെ നടന്നിട്ടുള്ള ലേലങ്ങളെയെല്ലാം പിന്നിലാക്കുന്ന തരത്തിലാണ് ഓരോ താരങ്ങൾക്കും ലഭിച്ചിട്ടുള്ള തുകകൾ. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് പഞ്ചാബ് കിംഗ്സ് ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറനെ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ അടക്കം മിന്നും പ്രകടനം പുറത്തെടുത്ത താരത്തിനായി കണ്ണുംപൂട്ടി 18.50 കോടി മുടക്കാൻ പഞ്ചാബ് തയാറായി.
ഇവിടെ ഒന്നും അവസാനിച്ചില്ല. മറ്റൊരു ഓൾ റൗണ്ടർ കാമറൂൺ ഗ്രിനിനായി മുംബൈ ഇന്ത്യൻസ് മുടക്കിയത് 17.5 കോടി രൂപയാണ്. ഐപിഎൽ ലേലങ്ങളിൽ വൻ തുകകൾക്ക് താരങ്ങളെ ടീമിലെത്തിക്കാൻ നോക്കാത്ത ചെന്നൈയും ഇത്തവണ കളം മാറി ചവിട്ടി. ഇംഗ്ലണ്ട് സ്റ്റാർ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനായി 16.25 കോടി മുടക്കാൻ ചെന്നൈ തയാറായി. വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പറായ നിക്കോളാസ് പൂരനായി ലക്നോ സൂപ്പർ ജയന്റ്സ് 16 കോടിയാണ് എറിഞ്ഞത്.
ഈ നാല് താരങ്ങൾക്ക് വേണ്ടി മാത്രം ടീമുകൾ 70 കോടിക്ക് അടത്ത് ചെലവാക്കി കഴിഞ്ഞു. ഒപ്പം ഹാരി ബ്രൂക്ക്, ശിവം മാവി, മായങ്ക് അഗർവാൾ തുടങ്ങി അഞ്ച് കോടിക്ക് മുകളിൽ ലഭിച്ച താരങ്ങളും നിരവധിയുണ്ട്. ബെൻ സ്റ്റോക്സിനായി സൺറൈഴേസ്സും ലക്നൗ സൂപ്പർ ജയ്ന്റസും അടക്കമുള്ള ടീമുകൾ വാശിയോടെ കളത്തിലുണ്ടായിരുന്നെങ്കിലും ചെന്നൈ ഉറച്ച് നിന്നതോടെ എല്ലാവരും അവസാനം മുട്ടുമടക്കുകയായിരുന്നു. ഗ്രീനിനായി മുംബൈ ഇന്ത്യൻസാണ് ആദ്യം വിളിച്ച് തുടങ്ങിയത്. ആദ്യം ആർസിബി കൂടെ വിളിച്ചെങ്കിലും ഏഴ് കോടി കടന്നതോടെ വിട്ടു.
പിന്നീട് ഡൽഹി ക്യാപിറ്റൽസുമായാണ് മുംബൈ ഗ്രീനിനായി മത്സരിച്ച് വിളിച്ചത്. മുംബൈ രണ്ടും കൽപ്പിച്ചായിരുന്നു. എതിർ ടീം കൂട്ടി വിളിച്ചാൽ അൽപ്പനേരം പോലും ആലോചിക്കാതെ തന്നെ കൂട്ടി വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ വില 17 കോടിയും കടന്നതോടെ ഡൽഹിയും ലേലത്തിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. ഓൺ റൗണ്ടർമാർക്ക് വേണ്ടി എത്ര തുക വേണേലും മുടക്കാൻ ടീമുകൾ സന്നദ്ധമാണെന്നാണ് സാം കറൻ, കാമറൂൺ ഗ്രീൻ, ബെൻ സ്റ്റോക്സ് എന്നിവർ ലഭിച്ച പൊന്നും വില സൂചിപ്പിക്കുന്നത്.