ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് 2 വർഷത്തിലേറെയായി ജയിലിൽ അടച്ചിരിക്കുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിലും ജാമ്യം. ലക്നൗ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. യുഎപിഎ കേസില്‍ കാപ്പന് സുപ്രീംകോടതി സെപ്റ്റംബർ ഒൻപതിന് ജാമ്യം നല്‍കിയിരുന്നു. എന്നാൽ ഇഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനായിരുന്നില്ല. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജയിൽമോചനം സാധ്യമാകും.
യുപിയിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബർ 6നാണ് കാപ്പനെ അറസ്റ്റ് ചെയ്തത്. യുഎപിഎ കേസിൽ മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചു. യുപി പൊലീസ് കണ്ടെത്തിയ തെളിവുകൾ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. ഇഡി കേസിൽ ലക്നൗ ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.