ഇനിമുതൽ പൊലീസിനു നേരിട്ടു ‘കാപ്പ’ ചുമത്താം; മൊഴിയുടെ അടിസ്ഥാനത്തിൽ കരുതൽ തടങ്കൽ

0
134

തിരുവനന്തപുരം∙ പൊലീസ് സ്വമേധയാ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളിൽ നിഷ്പക്ഷരായ ദൃക്സാക്ഷികളുടെ മൊഴിപ്രകാരം കാപ്പ ( കേരള ആന്റി സോഷ്യൽ ആക്ടിവീറ്റീസ് (പ്രിവൻഷൻ) ആക്ട്) ചുമത്താൻ തീരുമാനം. കലക്ടർമാരുടെ അധ്യക്ഷതയിലുള്ള സമിതിയാണ് നിലവിൽ കാപ്പ അറസ്റ്റുകൾക്ക് അനുമതി നൽകുന്നത്. പൊലീസിനു ഇനി നേരിട്ടു കാപ്പ ചുമത്താൻ കഴിയും. ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിജിപിയും ജില്ലാ കലക്ടർമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളികളെ ഒരു വർഷംവരെ സ്വന്തം ജില്ലയിൽ പ്രവേശിപ്പിക്കുന്നത് തടയാം. ആറുമാസംവരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാം. കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തിനിടെ 734 അറസ്റ്റുകൾക്ക് പൊലീസ് അനുമതി തേടിയെങ്കിലും കലക്ടർമാർ അനുവദിച്ചത് 245 എണ്ണം മാത്രമായിരുന്നു. സ്ഥിരം കുറ്റവാളികളെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്യാൻ കഴിയാത്തതിനാൽ ജില്ലാ പൊലീസ് മേധാവിമാർ ഡിജിപിയെ പരാതി അറിയിച്ചു.

ഡിജിപി നിരവധി തവണ ആഭ്യന്തരവകുപ്പിനു റിപ്പോർട്ടു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ എടുത്ത കേസുകളിൽ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ വയ്ക്കാൻ യോഗം തീരുമാനിച്ചു. രാഷ്ട്രീയ സ്വഭാവമുള്ളതെങ്കിലും ഐപിസി പ്രകാരം ഗുരുതര കുറ്റകൃത്യമാണെങ്കിൽ കാപ്പ ചുമത്താം. രാഷ്ട്രീയ എതിരാളികളെ ഏകപക്ഷീയമായി കാപ്പ കേസുകളിൽ പെടുത്താൻ കഴിയുമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.

ജാമ്യവ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രതി പ്രവർത്തിച്ചാൽ, ജാമ്യം റദ്ദാക്കാൻ കോടതിക്കു റിപ്പോർട്ട് സമർപ്പിച്ച ശേഷം കാപ്പ നിയമപ്രകാരം നടപടിയെടുക്കാം. കോടതിയുടെ തീരുമാനത്തിനു കാത്തു നിൽക്കാതെ നടപടികൾ ആരംഭിക്കാം. കാപ്പ നിയമത്തിനു കീഴിൽ വരുന്ന കുറ്റകൃത്യങ്ങള്‍ മാത്രമേ നടപടിക്കു പരിഗണിക്കാവൂ. ചെറിയ കുറ്റങ്ങൾ പരിഗണിക്കരുത്. പ്രതി കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തുന്നതിനെ തടയുന്ന തരത്തിലുള്ളതാണ് നിലവിലെ ജാമ്യ വ്യവസ്ഥകളെങ്കിൽ കാപ്പ വകുപ്പുകൾ ചുമത്തരുത്. ലഹരിമരുന്നു കേസുകൾ വർധിക്കുന്നതിനാൽ ചെറിയ തോതിൽ ലഹരിവസ്തു പിടികൂടിയാലും ശക്തമായ കരുതൽ തടങ്കൽ നടപടി വേണമെന്നും യോഗം നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here