ന്യൂഡൽഹി ∙ ശതകോടികൾ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്തെ ബാങ്കുകൾക്കു വരുത്തിയ നഷ്ടം 92,570 കോടി രൂപയെന്നു കേന്ദ്ര സർക്കാർ. വിവാദ വ്യവസായിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുൽ ചോക്സിയാണു കുടിശികക്കാരിൽ മുൻപിൽ. 7,848 കോടിയാണ് മെഹുൽ ചോക്സി അടയ്ക്കാനുള്ളത്.
ഏറ്റവും കൂടുതൽ കുടിശികയുള്ള 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയാണു സർക്കാർ പാർലമെന്റിനെ അറിയിച്ചത്. റിസർവ് ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണു പട്ടിക തയാറാക്കിയതെന്ന് എഴുതിത്തയാറാക്കിയ മറുപടിയിൽ കേന്ദ്ര സഹമന്ത്രി ഭഗവത് കരാഡ് വ്യക്തമാക്കി. ഇറ ഇൻഫ്ര (5,879 കോടി), റെയ്ഗോ അഗ്രോ (4,803 കോടി) എന്നിവയാണു രണ്ടുംമൂന്നും സ്ഥാനങ്ങളിൽ.
കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ (4,596 കോടി), എബിജി ഷ്പ്‌യാർഡ് (3,708 കോടി), ഫ്രോസ്റ്റ് ഇന്റർനാഷനൽ (3,311 കോടി), വിൻഡ്‌സം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി (2,931 കോടി), റോട്ടോമാക് ഗ്ലോബൽ (2,893 കോടി), കോസ്റ്റൽ പ്രൊജക്ട്സ് (2,311 കോടി) സൂം ഡവലപ്പേഴ്സ് (2,147 കോടി) എന്നീ കമ്പനികളും കുടിശികക്കാരുടെ മുൻനിരയിലുണ്ട്.
അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) 3 ലക്ഷം കോടിയിലേറെ കുറഞ്ഞ് 5.41 ലക്ഷം കോടി രൂപയായി. നേരത്തേ 8.9 ലക്ഷം കോടി രൂപയായിരുന്നു എൻപിഎ. കുടിശിക കുമിഞ്ഞുകൂടുന്നതിനിടെ ബാങ്കുകൾ 10.1 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളിയതായി കേന്ദ്രമന്ത്രി പറഞ്ഞു. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി മുന്നിലെത്തി. പഞ്ചാബ് നാഷനൽ ബാങ്ക് 67,214 കോടി, ഐസിഐസിഐ 50,514 കോടി, എച്ച്ഡിഎഫ്സി 34,782 കോടിയും എഴുതിത്തള്ളി.
സാങ്കേതികമായി കടബാധ്യത എഴുതിത്തള്ളുമ്പോൾ, ആ തുക ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ആസ്തിയുടെ ഗണത്തിൽനിന്ന് ഒഴിവാക്കും. നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. എന്നാൽ, ബാങ്ക് ശാഖയുടെ കിട്ടാക്കട കണക്കിൽ തുടരും. പണം തിരിച്ചുപിടിക്കാനുള്ള നടപടികളും ഇതോടൊപ്പമുണ്ടാകും. കഴിഞ്ഞ 5 വർഷത്തിനിടെ ബാങ്കുകൾ സാങ്കേതികമായി എഴുതിത്തള്ളിയ 10.1 ലക്ഷം കോടി രൂപയിൽ 13 ശതമാനത്തോളം (ഏകദേശം 1.32 കോടി) മാത്രമേ തിരിച്ചുപിടിക്കാനായിട്ടുള്ളൂവെന്നു റിസർവ് ബാങ്ക് ഇക്കഴിഞ്ഞ നവംബറിൽ വിവരാവകാശ മറുപടി നൽകിയിരുന്നു.
വായ്പാതട്ടിപ്പ് നടത്തിയവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നു കേന്ദ്രമന്ത്രി മറുപടി നൽകി. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്തു നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സി ഇന്ത്യയിൽനിന്നു മുങ്ങിയിരുന്നു. ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാനുള്ള കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീല്‍ മേൽക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.