കോഴിക്കോട്: വിശ്വകിരീടവുമേന്തി ഫുട്‌ബോളിലെ മിശിഹാ ഖത്തറില്‍ നിന്ന് മടങ്ങി. ഇവിടെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയ ഈ കൊച്ചു കേരളത്തിലെ ‘മിശിഹാ’യും മടങ്ങുയാണ് അഭിമാനത്തോടെ.
ഓര്‍ക്കുന്നില്ലേ ലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായ വിഷയമായ കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടുകള്‍. ആദ്യം മെസ്സിയും പിന്നാലെ നെയ്മറും റൊണാള്‍ഡോയും. പുഴയുടെ നടുവിലാണ് മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചിരുന്നത്. അര്‍ജന്റീന കപ്പടിച്ചതിനു പിന്നാലെ നീക്കം ചെയ്തിരിക്കുകയാണ് കട്ടൗട്ട്. രാജകീയമായി ഉയര്‍ത്തിയ കട്ടൗട്ട് അതി രാജകീയമായി തന്നെയാണ് നീക്കം ചെയ്തത്.
‘തോല്‍വിയറിഞ്ഞിട്ടില്ല, ജയിച്ച് കപ്പുവാങ്ങിച്ചു. ഇത്രയും നാള്‍ കാത്തിരുന്നു, 1986 മുതല്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. അര്‍ജന്റീനയ്ക്ക് വേണ്ടി ഇനിയും നൂറുകൊല്ലം കാത്തിരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇപ്രാവശ്യം മിശിഹ അത് നേടിത്തന്നു’ ആരാധകര്‍ പ്രതികരിച്ചു.
ക്രിസ്റ്റ്യാനോയുടെയും നെയ്മറിന്റേയും കട്ടൗട്ടുകള്‍ നേരത്തെ നീക്കം ചെയ്തിരുന്നു. കട്ടൗട്ടുകള്‍ സ്ഥാപിച്ചതിന് പിന്നാലെ ഇവ നീക്കം ചെയ്യണമെന്നും പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിക്കുമെന്നും പറഞ്ഞ് പുള്ളാവൂര്‍ പുഴയിലൂടെ വിവാദങ്ങള്‍ ഒത്തിരി ഒഴുകിയെങ്കിലും കട്ടൗട്ടുകളുടെ തലയെടുപ്പിന് ഒരു മാറ്റവും സംഭവിച്ചില്ല.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതായിരുന്നു കൂട്ടത്തില്‍ ഏറ്റവും വലിയ കട്ടൗട്ട്. 50 അടിയാണ് താരത്തിന്റെ കട്ടൗട്ടിന്റെ വലുപ്പം. മെസിയുടെ കട്ടൗട്ട് 30 അടിയും നെയ്മറുടേതിന് 40 അടിയുമായിരുന്നു ഉയരം.