അര്‍ഹതയില്ലാതെ സ്വര്‍ണകപ്പിനൊപ്പം; പാചക വിദഗ്ധന്‍ സാള്‍ട്ട് ബേയ്ക്ക് രൂക്ഷ വിമര്‍ശനം

0
241

ആകാംഷ നിറഞ്ഞ ഫൈനലിനൊടുവില്‍ അര്‍ജന്‍റീന ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാരായത്. എന്നാല്‍ വിജയികള്‍ക്ക് ചുരുങ്ങിയ ചിലര്‍ക്കും മാത്രം തൊടാന്‍ അനുമതിയുള്ള ലോകകപ്പ് ട്രോഫി കയ്യിലെടുത്ത് വിവാദത്തിലായി പ്രമുഖ പാചക വിദഗ്ധന്‍.  ടര്‍ക്കിഷ് ഷെഫായ നുസ്രെത് ഗോക്‌ചെയാണ് വിവാദത്തിലായിരിക്കുന്നത്. സ്വര്‍ണക്കപ്പ് തൊടുക മാത്രമല്ല, വിജയികളുടെ മെഡല്‍ കടിക്കുക കൂടി ചെയ്തിട്ടുണ്ട് സാള്‍ട്ട് ബേ എന്ന പേരില്‍ പ്രശസ്തനായ പാചക വിദഗ്ധന്‍. ഇന്‍സ്റ്റഗ്രാമില്‍ സാള്‍ട്ട് ബേ പങ്കുവച്ച ചിത്രങ്ങള്‍ക്കും വീഡിയോകള്ക്കും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

അര്‍ഹതയില്ലാതെ ലോകകപ്പില്‍ തൊട്ടുവെന്നും ഫുട്ബോള്‍ കളിക്കാരെ അപമാനിച്ചുവെന്നതടക്കമാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം. ലുസൈല്‍ സ്റ്റേഡിയത്തിലെ അര്‍ജന്‍റീന ടീം അംഗങ്ങളുടെ വിജയാഘോഷത്തിനിടയ്ക്കാണ് സാള്‍ട്ട് ബേയുടെ നുഴഞ്ഞുകയറ്റം. ഏഞ്ചല്‍ ഡി മരിയ, ലിയോണല്‍ മെസി അടക്കമുള്ള താരങ്ങള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും സാള്‍ട്ട് ബേ പങ്കുവച്ചിട്ടുണ്ട്. 20 മില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണകപ്പ് സാധാരണ നിലയില്‍ തൊടാന്‍ അവസരം ലഭിക്കുന്നത് വളരെ ചുരുക്കം പേര്‍ക്കാണ്.

ഫിഫ വെബ്സൈറ്റില്‍ വിശദമാക്കുന്നതനുസരിച്ച് ലോകകപ്പിന്‍റെ ഒറിജിനല്‍ തൊടാന്‍ അനുമതിയുള്ളത് വിജയികള്‍ക്കും മുന് വിജയികള്‍ക്കും മറ്റ് ചിലര്‍ക്കും മാത്രമാണ്. 2014ല്‍ പോപ്പ് ഗായിക റിഹാനയും സമാനമായ നിലയില്‍ ഈ നിബന്ധനകള്‍ ലംഘിച്ചിരുന്നു. ജര്‍മനിയുടെ വിജയത്തിന് പിന്നാലെ സ്വര്‍ണക്കപ്പിനൊപ്പമുള്ള സെല്‍ഫിയടക്കം പുറത്ത് വിട്ട് റിഹാനയും വിവാദത്തിലായിരുന്നു. അബുദാബി, ദോഹ, ന്യൂയോര്‍ക്ക്, മിയാമി, ദുബായ് തുടങ്ങി പല ഇടങ്ങളിലും സാള്‍ട്ട് ബേയ്ക്ക് ഭക്ഷണ ശാലകളുണ്ട്. പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ പാചക വിദഗ്ധനാണ് നുസ്രെത് ഗോക്‌ചെ.

 

LEAVE A REPLY

Please enter your comment!
Please enter your name here