ഫ്രഞ്ച് ജേഴ്സിലേക്ക് ഇനി ബെൻസേമയില്ല; 35-ാം പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം

0
175

മാഡ്രിഡ്: ഫ്രഞ്ച് താരം കരീ ബെൻസേമ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. പരിക്കേറ്റ താരത്തിന് ലോകകപ്പിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ടീമിൽ ഉൾപ്പെട്ടെങ്കിലും ഖത്തറിൽ എത്തിയശേഷം പരിക്കേറ്റ് പിൻമാറുകയായിരുന്നു. തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിലാണ് ബെൻസേമ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാൻസിനായി 97 മത്സരങ്ങളിൽ നിന്ന് 37 ഗോൾ നേടിയിരുന്നു. റയൽ മാഡ്രിഡിന് വേണ്ടി താരം കളി തുടരും.

നേരത്തെ, ലോകകപ്പ് ഫൈനല്‍ കാണാനുള്ള ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ക്ഷണം ബെന്‍സേമ നിരസിച്ചിരുന്നു. ലോകകിരീടം നേടിയ ഫ്രഞ്ച് മുന്‍ താരങ്ങള്‍ക്കും പരിക്ക് കാരണം ലോകകപ്പ് നഷ്ടമായവര്‍ക്കും ഒപ്പം, ദോഹയിലേക്ക് പോകാനുള്ള ഇമ്മാനുവേല്‍ മാക്രോണിന്‍റെ ക്ഷണമാണ് ബെന്‍സേമ തള്ളിയത്. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനത്തിൽ ലോറന്‍റ് ബ്ലാങ്ക്, മിഷേൽ പ്ലാറ്റിനി, പോള്‍ പോഗ്ബ, എന്‍ഗോളോ കാന്‍റേ എന്നിവര്‍ക്കൊപ്പമുള്ള യാത്രയ്ക്കായിരുന്നു ക്ഷണം.

പരിക്ക് ഭേദമായിട്ടും ബെന്‍സേമയെ ടീമിലേക്ക് തിരിച്ചുവിളിക്കാത്തതിലെ നീരസം കാരണമാണ് പിന്മാറ്റമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബെന്‍സേമ കഴിഞ്ഞയാഴ്ച റയൽ മാഡ്രിഡിനായി സൗഹൃദ മത്സരം കളിച്ചിരുന്നെങ്കിലും, ലോകകപ്പ് ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ പരിശീലകന്‍ ദെഷാം തയ്യാറായില്ല. ഖത്തറിലുള്ള 24 കളിക്കാരെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും പരിക്കേറ്റ കളിക്കാരെയോ മുന്‍ താരങ്ങളെയോ ഫൈനലിന് ക്ഷണിക്കേണ്ടത് തന്‍റെ കടമയല്ലെന്നുമാണ് ദെഷാം പ്രതികരിച്ചത്.

ചിലര്‍ വരും, ചിലര്‍ വരില്ല എന്നും ദെഷാം പറഞ്ഞിരുന്നു. കളത്തിന് പുറത്തെ കാരണങ്ങള്‍ കൊണ്ട് ദേശീയ ടീമില്‍ നിന്ന് ഏറെക്കാലം പുറത്തിരുന്ന ബെന്‍സേമയുടെ ഏറ്റവും സ്വപ്നമായിരുന്നു 2022 ലോകകപ്പില്‍ കളിക്കുക എന്നത്. എന്നാല്‍, പരിക്ക് വില്ലനായി എത്തിയതോടെ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് താരം പുറത്തായത്. പക്ഷേ, പരിക്ക് ഭേദമായിട്ടും താരത്തെ ടീമിലേക്ക് വിളിക്കാന്‍ പരിശീലകന്‍ തയാറായില്ല. കരീം ബെന്‍സേമയുടെ അഭാവത്തിലും ഒളിവര്‍ ജിറൂദും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിര മികച്ച ഫോമിൽ തന്നെ ഖത്തറിൽ കളിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here