ഗുവാഹത്തി: അർജന്റീന ഫുട്‌ബോൾ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ലയണൽ മെസിയുടെ അസം ബന്ധം ഉയർത്തിക്കാട്ടി കോൺഗ്രസ് എം.പി. അസമിലെ കോൺഗ്രസ് നേതാവായ അബ്ദുൽ ഖലിഖ് ആണ് ട്വിറ്ററിൽ മെസിക്കും അർജന്റീനയ്ക്കും ആശംസയുമായി രംഗത്തെത്തിയത്. മെസി ജനിച്ചത് അസമിലാണെന്നായിരുന്നു അവകാശവാദം. പൊങ്കാല വന്നതോടെ പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.
ബാർപേട്ടയിൽനിന്നുള്ള ലോക്‌സഭാ അംഗമാണ് അബ്ദുൽ ഖലിഖ്. ‘ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുള്ള ആശംസകൾ, താങ്കളുടെ അസം ബന്ധത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു’ എന്നായിരുന്നു ഖലിഖിന്റെ ട്വീറ്റ്. അസമുമായി ബന്ധമോ എന്ന് ഒരു ട്വിറ്റർ യൂസർ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: ‘അതെ, മെസി ജനിച്ചത് അസമിലാണ്.’
ഇതോടെ സോഷ്യൽ മീഡിയ എം.പിയുടെ പോസ്റ്റ് ഏറ്റെടുത്തു. കോൺഗ്രസ് നേതാവിനെതിരെ വൻ പൊങ്കാലയാണ് നടന്നത്. അസം സന്ദർശിച്ചപ്പോൾ എന്നു പറഞ്ഞ് ഒരാൾ പരമ്പരാഗത ഷാൾ ധരിച്ച മെസിയുടെയും ഭാര്യയുടെയും ചിത്രം പങ്കുവച്ചു. മെസി തന്റെ സഹപാഠിയായിരുന്നുവെന്നാണ് അസമിൽനിന്നുള്ള മറ്റൊരാൾ അവകാശപ്പെട്ടത്. പൊങ്കാല കൂടിയതോടെയാണ് എം.പി പോസ്റ്റ് പിൻവലിച്ച് രക്ഷപ്പെട്ടത്