ടോയ്‍ലെറ്റുകൾ മുതൽ തൂണുകൾ വരെ സ്വർണ്ണത്തിൽ പൊതിഞ്ഞത്; 24 കാരറ്റ് സ്വർണത്തിൽ മുങ്ങിയ ഹോട്ടൽ!

0
155

സ്വർണ്ണം പ്ലേറ്റ് ചെയ്ത ആഭരണങ്ങൾ നമുക്ക് പരിചിതമാണ്. എന്നാൽ, ഇതാദ്യമായിരിക്കും സ്വർണ്ണം പ്ലേറ്റ് ചെയ്ത ഒരു ഹോട്ടലിനെ കുറിച്ച് ഒരുപക്ഷേ നിങ്ങൾ അറിയുന്നത്. അതെ ഈ ഹോട്ടലിലെ തൂണുകൾ മുതൽ എന്തിനേറെ പറയുന്നു ടോയ്‌ലറ്റുകൾ വരെ 24 ക്യാരറ്റ് സ്വർണത്തിൽ പൊതിഞ്ഞതാണ്. തീർന്നില്ല സ്വർണം കൊണ്ട് നിർമ്മിച്ച ഒരു സ്വിമ്മിംഗ് പൂൾ പോലും ഉണ്ട് ഈ ഹോട്ടലിൽ.

24 karat gold hotel

കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നുണ്ടാകും അല്ലേ? ഇനി ഇത് എവിടെയാണെന്നല്ലേ അറിയേണ്ടത്? വിയറ്റ്നാമിന്റെ തലസ്ഥാന നഗരമായ ഹാനോയിൽ ജിയാങ് വോ തടാകത്തിന് സമീപത്താണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ സ്വർണ്ണം പൂശിയ ഹോട്ടൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോൾസ് ബൈ വിന്ദാം ഹനോയ് ഗോൾഡൻ ലേക്ക് 2020 ജൂലൈ 2 -നാണ് അതിന്റെ ആഡംബര വാതിലുകൾ തുറന്നത്.

റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സ്വർണ്ണം പൂശിയ ടബ്ബുകൾ, സിങ്കുകൾ, ടോയ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ സ്വർണ്ണമയമായ ഈ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇതൊന്നും കൂടാതെ, 24 കാരറ്റ് സ്വർണ്ണം ടൈൽ ചെയ്ത ഇൻഫിനിറ്റി പൂളും ഉണ്ട്. ഇവിടുത്തെ കുളിമുറികൾ വിലപിടിപ്പുള്ള മഞ്ഞക്കല്ലുകൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.

24 karat gold hotel

441 മുറികളുള്ള ഈ ആഡംബര ഹോട്ടൽ ഹനോയിയുടെ സിറ്റി സെന്ററിൽ നിന്ന് 10 മിനിറ്റ് മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഇതുപോലെ മറ്റൊരു കെട്ടിടം ഇല്ല എന്നാണ് ഹോട്ടലിന്റെ ഉടമസ്ഥർ അവകാശപ്പെടുന്നത്. സോവിയറ്റ് കാലഘട്ടത്തിൽ നിർമ്മിച്ച കെട്ടിടങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ളതാണ് ഇതിന്റെ നിർമ്മാണ ഘടന. ഹോട്ടലിന്റെ വിവിധ അലങ്കാര പ്രവർത്തികൾക്കായി ഏകദേശം ഒരു ടൺ സ്വർണം ഉപയോഗിച്ചിട്ടുണ്ട്. ഹോവ ബിൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതും യുഎസ് ആസ്ഥാനമായുള്ള വിൻ‌ഡാം ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് ഇൻ‌കോർപ്പറേറ്റ് മാനേജ്‌മെന്റും ആണ് ഈ ഹോട്ടലിന്റെ നടത്തിപ്പുകാർ. ഒരു രാത്രി താമസിക്കാൻ 250 ഡോളർ മുതൽ മുകളിലോട്ടാണ് ഇവിടുത്തെ മുറികളുടെ വാടക.

ഹോട്ടലിൽ ഭക്ഷ്യയോഗ്യമായ സ്വർണ്ണ അടരുകളുള്ള വിഭവങ്ങൾ പോലും വിളമ്പുന്നുണ്ട്. ഹോ ചി മിൻ സിറ്റിയിലും  സെൻട്രൽ വിയറ്റ്‌നാമിലും ആയി സ്വർണ്ണ തീമിലുള്ള മറ്റു രണ്ടു സ്ഥാപനങ്ങൾ കൂടി തുറക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ഹോട്ടൽ ഉടമകൾ ഇപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here