അഹ്മദാബാദ്: ഭാര്യയെ മുത്വലാഖ് ചൊല്ലിയെന്ന കേസിൽ ബി.ജെ.പി നേതാവിനെതിരെ കേസ്. ഗുജറാത്തിലെ മെഹ്‌സാന നഗരസഭയിലെ ബി.ജെ.പി കൗൺസിലർ സാലിം നൂർ മുഹമ്മദ് വോറയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭാര്യയെ മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയെന്നാണ് കേസ്.
ഭാര്യ സിദ്ദീഖിബാൻ ആണ് സാലിമിനെതിരെ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഭർത്താവ് തന്നെ വാക്കാൽ മുത്വലാഖ് ചൊല്ലിയെന്ന് പരാതിയിൽ പറയുന്നു. ത്വലാഖ് ചൊല്ലുന്നതിന്റെ വിഡിയോ പകർത്തി രണ്ടുപേരുടെയും വീട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ വീട്ടുകാർ ത്വലാഖിനെ പിന്തുണയ്ക്കുകയും തന്നെ നിരന്തരം പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിൽ തുടരുന്നു.
അതേസമയം, ഭർത്താവിനെതിരെ മെഹ്‌സാന ജില്ലാ പൊലീസ് സുപ്രണ്ടിന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് സിദ്ദീഖിബാൻ ആരോപിച്ചിരുന്നു. ഡിവിഷൻ പൊലീസ് സ്റ്റേഷനിലും ഭർതൃവീട്ടുകാരുടെ മാനസികവും ശാരീരികവുമായ പീഡനം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നെന്നും അവർ പറയുന്നു. 22 വർഷത്തിനിടെ നിരവധി തവണ പല കാരണങ്ങൾ പറഞ്ഞ് തന്റെ വീട്ടുകാരിൽനിന്ന് സാലിം പണം വാങ്ങിയതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഒടുവിലാണ് മെഹ്‌സാന പൊലീസ് സാലിമിനെതിരെ കേസെടുത്തത്. 2019ലെ മുസ്‌ലിം വനിതാ(വിവാഹാവകാശ സംരക്ഷണ) നിയമം, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ബി.ജെ.പി നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്.