2023 ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടമായേക്കും; കടുത്ത നീക്കത്തിന് ഐ.സി.സി

0
281

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡും(ബി.സി.സി.ഐ) കേന്ദ്ര സർക്കാരും തമ്മിൽ തുടരുന്ന നികുതി തർക്കത്തെ തുടർന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി) ഇത്തരമൊരു സൂചന നൽകിയിരിക്കുന്നത്. 2023 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്.

ലോകകപ്പിനുമുൻപ് ടൂർണമെന്റ് നടത്താൻ കേന്ദ്ര സർക്കാരിൽനിന്ന് നികുതി ഇളവ് തരപ്പെടുത്തണമെന്ന് ഐ.സി.സി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ആതിഥേയരാജ്യം നിശ്ചിത ശതമാനം നികുതി ഇളവ് നൽകണമെന്നത് ഐ.സി.സിയുടെ നയമാണ്. ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോർഡാണ് തങ്ങളുടെ ഭരണകൂടവുമായി ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കേണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ ബി.സി.സി.ഐയുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഇതിനുമുൻപ് 2016ൽ ടി20 ലോകകപ്പിന്റെ ആതിഥേയരും ഇന്ത്യയായിരുന്നു. അന്നുപക്ഷെ, കേന്ദ്ര സർക്കാർ ഐ.സി.സിക്ക് നികുതി ഇളവ് അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് ബി.സി.സി.ഐയിൽനിന്ന് ഐ.സി.സി 190 കോടി രൂപയാണ് പിടിച്ചത്. ഇതിനെതിരെ ഐ.സി.സി ട്രിബ്യൂണലിൽ ബി.സി.സി.ഐ നൽകിയ പരാതിയിൽ ഇപ്പോൾ അന്തിമ തീർപ്പായിട്ടില്ല.

അടുത്ത ഏകദിന ലോകകപ്പിന്റെ സംപ്രേഷണ വരുമാനത്തിൽനിന്ന് 21.84 ശതമാനമാണ് നികുതിയിനത്തിൽ വരിക. ഇത് ഏകദേശം 900 കോടി രൂപ വരും. ഇത്തവണയും കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചില്ലെങ്കിൽ ബി.സി.സി.ഐയ്ക്ക് ഇത്രയും തുക സ്വന്തം പോക്കറ്റിൽനിന്ന് നൽകേണ്ടിവരും. എന്നാൽ, 2016 ലോകകപ്പ് വിഷയത്തിൽ ഇപ്പോഴും കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇത്തവണ ഐ.സി.സി ബി.സി.സി.ഐയിൽനിന്ന് ഈ തുക ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് സൂചന. പകരം, ലോകകപ്പ് വേദി മറ്റൊരു രാജ്യത്തേക്ക് മാറ്റാനാകും നീക്കം. നയതന്ത്ര വിഷയം ചൂണ്ടിക്കാട്ടി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയതിനു പിന്നാലെയാണ് ബി.സി.സി.ഐയ്ക്ക് തിരിച്ചടിയായി ഐ.സി.സിയുടെ നീക്കവും വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here