യുഎഇയില്‍ ഫോണ്‍ വിളിക്കുന്നവരെ തിരിച്ചറിയാനായുളള കോളര്‍ ഐഡി സര്‍വീസായ കാഷിഫില്‍ എല്ലാ കമ്പനികളും ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
വ്യാജ ഫോണ്‍ വിളികള്‍ തടയുന്നതിനും ഫോണ്‍ വിളിക്കുന്നവരെ തിരിച്ചറിയുന്നതിനുമായി 2021 ല്‍ നടപ്പാക്കിയ പദ്ധതിയാണ് കൂടുതല്‍ കമ്പനികളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. പദ്ധതി പ്രകാരം ഫോണ്‍ വിളിക്കുന്ന നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്ന കമ്പനിയുടെ പേര് ഉപഭോക്താക്കള്‍ക്ക് അറിയാനാവും.ഇതുവഴി സേവ് ചെയ്തിട്ടില്ലാത്ത നമ്പറുകളില്‍ നിന്നുളള ഫോണ്‍ വിളികള്‍ എടുക്കണോ വേണ്ടയോ എന്ന് ഓരോരുത്തര്‍ക്കും തീരുമാനിക്കാനുളള സാഹചര്യമാണ് ഒരുങ്ങുക.
യുഎഇയില്‍ രജിസ്ട്രര്‍ ചെയ്ത എല്ലാ കമ്പനികളും പദ്ധതിയുടെ ഭാഗമാവുമെന്ന് ടെലി കമ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ബാങ്കിങ് മേഖലയില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോള്‍ വ്യാപിപ്പിക്കുന്നത്.