വാഹനാപകടത്തിൽ പരിക്കേറ്റ അഞ്ചുവയസ്സുകാരന് 1.15 കോടി രൂപ നഷ്ടപരിഹാരം

0
202

പാലക്കുന്ന്(കാസർകോട്): വാഹനാപകടത്തിൽ പരിക്കേറ്റ അഞ്ചുവയസ്സുകാരന് 1.15 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. പള്ളിക്കര പാക്കത്ത്‌ താമസിക്കുന്ന മുന്നാട് കുണ്ടംപാറ ഹൗസിൽ അജയകുമാറിന്റെയും അർച്ചനയുടെയും മകൻ അദ്വിതിന്‌ നഷ്ടപരിഹാരം നൽകാനാണ്‌ കാസർകോട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ വിധിച്ചത്‌. വാഹനാപകടത്തെത്തുടർന്ന് തലയ്ക്കും കഴുത്തിനും പരിക്കേറ്റ കുട്ടി കിടപ്പിലാണ്‌. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ്‌ നഷ്ടപരിഹാരത്തുക നൽകേണ്ടത്.

പറശ്ശിനിക്കടവ് ക്ഷേത്രദർശനം കഴിഞ്ഞ്‌ മടങ്ങുന്പോൾ 2018 സെപ്റ്റംബർ 24-നാണ് അപകടം നടന്നത്. പരിയാരം ചുടലവളവിൽ ഇവർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ അദ്വിത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലും ദീർഘകാലം ചികിത്സയിലായിരുന്നു. എട്ട് ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കുവേണ്ടി ചെലവാക്കി. ഇപ്പോൾ ഫിസിയോതെറാപ്പി ചെയ്തുവരികയാണ്. അശ്രദ്ധമായി കാർ ഓടിച്ചതിന്‌ ഡ്രൈവറെ നേരത്തേ കോടതി ശിക്ഷിച്ചിരുന്നു.

കാസർകോട് മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണലിന്റെ നിർദേശപ്രകാരം മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിൽ കുട്ടിക്ക് 100 ശതമാനം വൈകല്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കാസർകോട് പ്രിൻസിപ്പൽ വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി കെ.പി.സുനിതയാണ് നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ 1.15 കോടിയിലധികം തുക വിധിച്ചത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധിയും സുപ്രീം കോടതിയുടെ വിവിധ വിധികളും കുട്ടിക്ക് തുണയായി.

LEAVE A REPLY

Please enter your comment!
Please enter your name here