ഓണ്‍ലൈനില്‍ മസാജ് പാര്‍ലര്‍ തപ്പിയതായിരുന്നു ആ യുവാവ്. അതിനിടെ, അയാളുടെ കണ്ണില്‍ പെട്ടത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച. ഒരു അശ്ലീല വെബ്‌സൈറ്റില്‍ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍. മുംബൈ സ്വദേശിയായ യുവാവാണ് അവിചാരിതമായി അശ്ലീല സൈറ്റില്‍ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ കണ്ടു ഞെട്ടിയത്. തുടര്‍ന്ന് ഇയാളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് സമൂഹമാധ്യമങ്ങളില്‍ നിന്നും യുവതികളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ എടുത്ത് അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന വന്‍ റാക്കറ്റിനെ. സംഭവത്തില്‍ ഒരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുംബൈയിലെ ഖാര്‍ സ്വദേശിയായ 31-കാരനാണ് ഓണ്‍ലൈനില്‍ മസാജ് പാര്‍ലറിനായി തിരച്ചില്‍ നടത്തുന്നതിനിടയില്‍ മറ്റൊരു അശ്ലീല വെബ്‌സൈറ്റില്‍ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ കണ്ടത്. ചിത്രങ്ങള്‍ കണ്ട ഉടന്‍ തന്നെ അയാള്‍ ഭാര്യയോടും സഹോദരിയോടും ഇതേക്കുറിച്ച് തിരക്കി. എന്നാല്‍ തങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത ആ ചിത്രങ്ങള്‍ തങ്ങള്‍ ഫേസ് ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു എന്നും ഇവര്‍ പറഞ്ഞു.
തുടര്‍ന്ന് ആ യുവതികളെ തനിക്ക് നേരിട്ട് കാണണമെന്നും ബിസിനസ് ഉറപ്പിക്കാം എന്നും അറിയിച്ചുകൊണ്ട് വെബ്‌സൈറ്റില്‍ കണ്ട നമ്പറില്‍ യുവാവ് ബന്ധപ്പെട്ടു. അയാള്‍ക്ക് ഫോണിലൂടെ മറുപടി നല്‍കിയത് മറ്റൊരു സ്ത്രീയായിരുന്നു. ഖാര്‍ വെസ്റ്റിലെ ഒരു ഹോട്ടലില്‍ വന്നാല്‍ നേരില്‍ കാണാമെന്ന് സ്ത്രീ യുവാവിന് മറുപടി നല്‍കി.
ഹോട്ടലില്‍ എത്തിയ സ്ത്രീയോട് യുവാവ് തന്റെ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ അങ്ങനെ അശ്ലീല വെബ്‌സൈറ്റില്‍ എത്തി എന്ന് ചോദിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഒടുവില്‍ താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ആ സ്ത്രീ ഹോട്ടലില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അവരെ കീഴ്‌പ്പെടുത്തിയ യുവാവ് അവരുമായി പോലീസ് സ്റ്റേഷനില്‍ എത്തുകയും സംഭവിച്ച കാര്യങ്ങള്‍ പറയുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രേഷ്മ യാദവ് എന്നാണ് ആ സ്ത്രീയുടെ പേരെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് സുന്ദരികളായി യുവതികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദം കൂടാതെ എടുത്ത് അശ്ലീല വെബ്‌സൈറ്റുകളിലും ഓണ്‍ലൈന്‍ മസാജ് പാര്‍ലര്‍ സൈറ്റുകളിലും പോസ്റ്റ് ചെയ്യുന്ന സംഘത്തില്‍ പെട്ട ആളാണ് യുവതിയെന്നും കണ്ടെത്തി. ഇത്തരത്തില്‍ സുന്ദരികളായ യുവതികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ആണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
രേഷ്മ യാദവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ഇവരെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. രേഷ്മ യാദവുമായി ബന്ധമുള്ള മുഴുവന്‍ ആളുകളെയും തിരയുകയാണെന്ന് പൊലീസ് അറിയിച്ചു.