വെടിക്കെട്ട് സെഞ്ചുറിയുമായി ഇഷാന്‍ കിഷന്‍, ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്

0
253

റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍റെ സെഞ്ചുറിയും ജാര്‍ഖണ്ഡിന് കരുത്തായില്ല. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 475 റണ്‍സിന് മറുപടിയായി ജാര്‍ഖണ്ഡ് മൂന്നാം ദിനം 340 റണ്‍സിന് പുറത്തായി. 135 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ അതിവേഗം സ്കോര്‍ ചെയ്താല്‍ അവസാന ദിവസം  വിജയത്തിലേക്ക് പന്തെറിയാനാവും.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേടിയ കിഷന്‍ കേരളത്തിനിതിരെ ആറാമനായാണ് ക്രീസിലെത്തിയത്. കിഷന്‍ ക്രീസിലെത്തുമ്പോള്‍ 114-4 എന്ന സ്കോറില്‍ തകര്‍ച്ച നേരിടുകയായിരുന്ന ജാര്‍ഖണ്ഡ്. എന്നാല്‍ തകര്‍ത്തടിച്ച കിഷനും സൗരഭ് തിവാരിയും ചേര്‍ന്ന് ജാര്‍ഖണ്ഡിനെ 316 റണ്‍സിലെത്തിച്ചെങ്കിലും സെഞ്ചുറിക്ക് അരികെ സൗരഭ് തിവാരിയെ(97) ബൗള്‍ഡാക്കി ജലജ് സക്സേന കേരളത്തെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു.

സെഞ്ചുറിയുമായി തകര്‍ത്തടിച്ച കിഷനെയും(195 പന്തില്‍ 132)  ജലജ് സക്സേന തന്നെ വീഴ്ത്തിയതോടെ ജാര്‍ഖണ്ഡ് 316-4ല്‍ നിന്ന് 340 റണ്‍സില്‍ ഓള്‍ ഔട്ടായി. ഒമ്പത് ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് കിഷന്‍റെ ഇന്നിംഗ്സ്. കേരളത്തിനായി ജലജ് സക്സേന 75 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പി 55 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

കിഷനും സൗരഭ് തിവാരിക്കും പുറമെ ക്യാപ്റ്റന്‍ വിരാട് സിംഗ്(30), കുമാര്‍ സുരാജ്(28), നസീം(24) എന്നിവരാണ് ജാര്‍ഖണ്ഡിനായി ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കേരളത്തിനായി ആദ്യ ഇന്നിംഗ്സില്‍ അക്ഷയ് തന്ദ്രന്‍ 150 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 72 റണ്‍സടിച്ചിരുന്നു. നിര്‍ണായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ മത്സരം സമനിലയായാലും കേരളത്തിന് മൂന്ന് പോയന്‍റ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here