തിരുവനന്തപുരം: ചാരിറ്റിയുടെ മറവിൽ കിടപ്പുരോഗിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ഓൺലൈൻ വാർത്താ ചാനലിനെതിരെ പൊലീസ് കേസെടുത്തു. രോഗിയുടെ പേരിൽ പിരിച്ച ഒന്നരലക്ഷം രൂപ വിസ്മയ ന്യൂസ് തട്ടിയെടുത്തെന്നാണ് പരാതി. സംഘം കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.
കെട്ടിട്ടതിന്റെ മുകളിൽ നിന്ന് വീണ് കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ് കിടപ്പിലാണ് ഷിജു. ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ ബുദ്ധിമുട്ടിയ ഷിജുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് വിസ്മയ ന്യൂസ് വേങ്ങോട്ടിലെ വീട്ടിലെത്തി വീഡിയോ ചിത്രീകരിച്ചു. കഴിഞ്ഞ ഒക്ടോബർ പതിമൂന്നിനാണ് വിസ്മയ ന്യൂസ് അവതാരകൻ രജിത് കാര്യത്തിലും മറ്റുള്ളവരും ഷിജുവിന്റെ വീട്ടിലെത്തിയത്. വീഡിയോ എടുക്കുന്നതിന് പതിനേഴായിരം രൂപ രണ്ട് തവണയായി പ്രതിഫലം വാങ്ങി.
വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സഹായമായി ഷിജുവിന്റെ സഹോദരി ഷീബയുടെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷം രൂപയെത്തി. ഇതോടെ വിസ്മയ ന്യൂസ് സംഘം ഷീബയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. സഹായമായി ലഭിച്ച തുകയിൽ നിന്ന് ഒരുലക്ഷത്തിമുപ്പതിനായിരം രൂപ വാങ്ങി.
വർക്കല കേന്ദ്രീകരിച്ചാണ് വിസ്മയ ന്യൂസ് സംഘത്തിന്റെ പ്രവർത്തനം. കുടുംബത്തിന്റെ പരാതിയിൽ പോത്തൻകോട് പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. അവതാരകൻ രജിത് കാര്യത്തിൽ, ചാനൽ ഉടമ രജനീഷ്, മംഗലപുരം സ്വദേശി അനീഷ്, ഭാര്യ രമ്യ, എന്നിവർക്കെതിരെയാണ് കേസ്.