ലോകകപ്പ് ഫുട്ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സിനെ അഭിനന്ദിച്ചും കേരളത്തിലേക്ക് ക്ഷണിച്ചും മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡിനു ശേഷം അന്താരാഷ്ട്ര വിനോദ സഞ്ചാരം തിരിച്ചെത്തുമ്പോള്‍ ഫ്രാന്‍സില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുകയാണ്. ലോകകപ്പ് ഫുട്ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ഫുട്ബോള്‍ ടീമിനുള്ള അഭിനന്ദനവും മുഖ്യമന്ത്രി അറിയിച്ചു.
നമ്മുടെ വിനോദസഞ്ചാര മേഖല ആഗോളതലത്തില്‍ കൂടുതല്‍ സ്വീകാര്യത നേടുകയും ഒട്ടേറെ രാജ്യങ്ങള്‍ നിക്ഷേപസൗഹൃദവുമായി കേരളത്തിലേക്കെത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ കൊച്ചിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഫ്രാന്‍സ് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയിനുമായി നടത്തിയ കൂടിക്കാഴ്ച വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളില്‍ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധത ഫ്രാന്‍സ് അറിയിച്ചു. യുകെ കഴിഞ്ഞാല്‍ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്നത് ഫ്രാന്‍സില്‍ നിന്നാണ്. സെപ്തംബര്‍ മാസത്തില്‍ ഫ്രാന്‍സില്‍ നടന്ന പാരിസ് ടോപ് റെസ ഫെയറില്‍ പങ്കെടുത്തപ്പോള്‍ ആ രാജ്യം കേരളാ ടൂറിസത്തിന് നല്കിയ സ്വീകരണം മികച്ചതായിരുന്നു. ഫ്രഞ്ച് സംസ്ക്കാരത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും നമ്മുടെ വടക്കന്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളവുമായി സഹകരിക്കാനുള്ള ഫ്രാന്‍സിന്റെ സന്നദ്ധത ചരിത്രപരമായ ബന്ധപ്പെടുത്തല്കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.