ഏതു രാജ്യത്തുനിന്നെത്തിയ പ്രവാസികളുടെയും പ്രിയപ്പെട്ട രാജ്യമാണ് യു.എഇ. അതുകൊണ്ട് തന്നെ റിട്ടയർമെന്റിന് ശേഷവും പലരും യു.എ.ഇയിൽ തന്നെ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരക്കാർക്ക് പ്രത്യേകമായി റിട്ടയർമെന്റ് വിസ തന്നെ യു.എ.ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷെ ഈ വിസ ലഭിക്കാൻ ചില നിബന്ധനകൾ പൂർത്തിയാവേണ്ടതുണ്ട്.
55 വയസും അതിൽ കൂടുതലുമുള്ള വിരമിച്ച താമസക്കാർക്കാണ് അഞ്ച് വർഷത്തേക്ക് യു.എ.ഇ റിട്ടയർമെന്റ് വിസ നൽകുന്നത്.
ഒരു വ്യക്തി, യു.എ.ഇ.ക്ക് അകത്തോ പുറത്തോ 15 വർഷത്തിൽ കുറയാതെ ജോലി ചെയ്തിരിക്കണം എന്നതാണ് വിരമിക്കൽ വിസ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം.
കൂടാതെ പ്രായ മാനദണ്ഡത്തിനു പുറമേ, അപേക്ഷകൻ 1 മില്യൺ ദിർഹത്തിൽ കുറയാത്ത വസ്തു വകകൾ സ്വന്തമായി ഉള്ളയാളായിരിക്കണം.
അല്ലെങ്കിൽ 1 മില്യൺ ദിർഹത്തിൽ കുറയാത്ത നിക്ഷേപമോ 20,000 ദിർഹത്തിൽ കുറയാത്ത മാസ വരുമാനമോ ഉള്ള വ്യക്തിയായിരിക്കണം. എന്നാൽ ദുബൈയിൽ 15,000 ദിർഹം പ്രതിമാസ വരുമാനമുള്ള ആൾക്കും വിസ ലഭിക്കും. ഇവർ വ്‌സയ്ക്കായി അപേക്ഷിക്കുമ്പോൾ കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് കാണിക്കേണ്ടി വരും.
ഈ വിസയുടെ കാലാവധി അവസാനിക്കുമ്പോൾ, ബാധകമായ യോഗ്യതാ മാനദണ്ഡങ്ങൾ നിലവിലുണ്ടെങ്കിൽ റിട്ടയർമെന്റ് വിസ പുതുക്കാനും സാധിക്കും.