കൊച്ചി: തൂക്കുകയറില്‍ നിന്നും തനിക്ക് രണ്ടാം ജന്മം തന്ന മനുഷ്യന് നന്ദി പറഞ്ഞ ബെക്‌സ് കൃഷ്ണയുടെ വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.
2012 ല്‍ അബുദാബിയില്‍ വച്ചു നടന്ന ഒരു കാര്‍ അപകടത്തില്‍ സുഡാന്‍ വംശജനായ കുട്ടി മരിക്കുകയും കേസില്‍ മലയാളിയും ഡ്രൈവറുമായ തൃശൂര്‍ പുത്തന്‍ചിറ ബെക്‌സ് കൃഷ്ണനെ യുഎഇ സുപ്രിം കോടതി വധശിക്ഷക്കു വിധിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും ബെക്‌സിനെ തിരികെ ജീവിതം സമ്മാനിച്ചത് യൂസഫലിയാണ്.
അമ്മയും ഭാര്യയും മകനുമുള്ള ബെക്‌സ് കൃഷ്ണന്റെ നിര്‍ധന കുടുംബത്തെ രക്ഷിക്കാന്‍ എംഎ യൂസഫലിയുടെ നിരന്ത പരിശ്രമത്തിനൊടുവില്‍ മരിച്ച കൂട്ടിയുടെ കുടുംബത്തിന് ഒരു കോടിയോളം രൂപ ബ്ലഡ്മണി നല്‍കിയാണ് വധശിക്ഷ ഒഴിവാക്കിയത്.
മാത്രമല്ല, ബെക്‌സിനെ തൂക്കു കയറില്‍ നിന്നും രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കുന്നത് വരെ യൂസഫലിയുടെ കൈകളുണ്ടായിരുന്നു. തനിക്ക് രണ്ടാമത് ജീവിതം സമ്മാനിച്ച യൂസഫലിയെ നേരിട്ട് കാണമണെന്ന ബെസ്‌കിന്റെ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. കൊച്ചിയില്‍ നടന്ന ചടങ്ങിനിടെയായിരുന്നു ആ ഹൃദ്യമായ നിമിഷം.
‘എന്നെ ദൈവത്തെ പോലെ വന്ന് രക്ഷപ്പെടുത്തി’…എന്നു പറഞ്ഞു മുഴുമിപ്പിക്കും മുമ്പ് ബെക്‌സിനെ കെട്ടിപ്പിടിച്ച് യൂസഫലി പറഞ്ഞു: ‘ഒരിക്കലും അങ്ങനെ പറയരുത് ഞാന്‍ ദൈവം നിയോഗിച്ച ഒരു ദൂതന്‍ മാത്രമാണ്’. ‘ജാതിയും മതവും ഒന്നുമല്ല മനുഷ്യ സ്‌നേഹമാണ് ഏറ്റവും വലുത്. ഞാന്‍ അതിലെ ഒരു നിമിത്തമാണെന്നുമാണ് യൂസഫലി പറഞ്ഞത്.