മുസ്ലീങ്ങളുടെ ജനസംഖ്യയ്ക്ക് അനുപാതമായി നിയമസഭയില്‍ പ്രാതിനിധ്യം കേരളത്തില്‍ മാത്രം, ഏറ്റവും കുറവ് ഗുജറാത്തില്‍

0
267

ഗുജറാത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്. 182 അംഗ സഭയില്‍ ബിജെപിയ്ക്ക് ലഭിച്ചത് 156 സീറ്റുകള്‍. കഴിഞ്ഞ തവണത്തെ 99ല്‍ നിന്നാണ് ഇത്രയും മികച്ച ജയം കരസ്ഥമാക്കിയത്. നഷ്ടം കോണ്‍ഗ്രസിനും. അവരുടെ സീറ്റ് 77 ല്‍ നിന്ന് 16 ആയി കുറഞ്ഞു. എന്നാല്‍ ഇതിനിടയില്‍ സംഭവിച്ച മറ്റൊരു കാര്യം മുസ്ലീം പ്രാതിനിധ്യത്തില്‍ വന്ന ഇടവാണ്. ഗുജറാത്ത് സഭയില്‍ ഒരു എം എല്‍ എ മാത്രമാണ് ഉള്ളത്. ജമാല്‍പൂര്‍- ഖാദിയയില്‍നിന്ന് വിജയിച്ച ഇംമ്രാന്‍ ഖേദ്വാദ.

ഗുജറാത്തിലെ മൊത്തം ജനസംഖ്യയില്‍ 10 ശതമാനമാണ് മുസ്ലീങ്ങളുള്ളത്. അതായത് ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ നിയമസഭയിൽ മുസ്ലീങ്ങളുടെ പ്രാതിനിധ്യം എന്നത് കേവലം അര ശതമാനം മാത്രമാണ്. ജനസംഖ്യയ്ക്ക് അനുപാതമായി നിയമസഭയില്‍ പ്രാതിനിധ്യം വേണമെങ്കില്‍ 18 എംഎല്‍എമാരെങ്കിലും വേണമായിരുന്നു. എന്നാല്‍ ബിജെപിയില്‍നിന്ന് ഒരു മുസ്ലീം എംഎല്‍എ പോലുമില്ല.

കഴിഞ്ഞ നിയമസഭയില്‍ കോണ്‍ഗ്രസുകാരായ മൂന്ന് മുസ്ലീം എംഎല്‍എ മാരാണ് ഗുജറാത്ത് നിയമസഭയില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ അവസ്ഥ ഗുജറാത്ത് നിയമസഭയില്‍ ഇതിന് മുന്‍പുണ്ടായിരുന്നത് 1995 ലായിരുന്നു. അന്നാണ് ബിജെപി അവിടെ അധികാരത്തില്‍ വന്നത്.

എന്നാല്‍ മുസ്ലീം പ്രാതിനിധ്യത്തിലെ ഈ കുറവ് ഗുജറാത്തില്‍ തീവ്രമാണെങ്കിലും അത് അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ അധിവസിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ജനസംഖ്യയുടെ 20 ശതമാനത്തോളം പേര്‍. എന്നാല്‍ നിയമസഭയിലെ പ്രാതിനിധ്യം ഒമ്പത് ശതമാനം മാത്രമാണ്. 403 അംഗങ്ങളുള്ള സഭയില്‍ 34 പേര്‍ മാത്രമാണ് മുസ്ലീം വിഭാഗത്തില്‍നിന്നുള്ളത്. ഇതിലാരും ഭരണകക്ഷിയായ ബിജെപിയില്‍നിന്നുള്ളവരല്ല.

മധ്യപ്രദേശിലെ 230 അംഗ സഭയില്‍ രണ്ട് മുസ്ലീം അംഗങ്ങള്‍ മാത്രമാണുള്ളത്. മധ്യപ്രദേശില്‍ 6.57 ശതമാനമാണ് മുസ്ലീം ജനസംഖ്യ. അസമിലെ 21 മുസ്ലീം എംഎല്‍എമാരില്‍ ആരും ഭരണകക്ഷിയായ ബിജെപിയില്‍ പെടുന്നവരല്ല. 32 ശതമാനമാണ് അവിടുത്തെ മുസ്ലീം ജനസംഖ്യ. ഡല്‍ഹിയില്‍ 13 ശതമാനമാണ് മുസ്ലീം ജനസംഖ്യ. അവിടുത്തെ 70 എംഎല്‍എമാരില്‍ അഞ്ച് പേരാണ് മുസ്ലീം വിഭാഗത്തില്‍നിന്നുള്ളത്. ഇവരെല്ലാവരും ആം ആദ്മി പാര്‍ട്ടിക്കാരാണ്.

കേരളത്തിലാണ് മുസ്ലീങ്ങള്‍ക്ക് ജനസംഖ്യയ്ക്ക് അനുപാതമായി നിയമസഭയില്‍ പ്രാതിനിധ്യമുള്ളത്. 140 അംഗ സംഭയില്‍ 32 പേരാണ് മുസ്ലീം വിഭാഗത്തില്‍നിന്നുള്ളത്. സംസ്ഥാനത്ത് 32 ശതമാനമാണ് മുസ്ലീം ജനസംഖ്യ. ചരിത്രത്തില്‍ ആദ്യമായി ഇപ്പോഴത്തെ ലോക്‌സഭയിലെ ഭരണകക്ഷിയില്‍ ഒരു മുസ്ലീം പ്രതിനിധി പോലുമില്ല. വിവിധ സ്ഥാപനങ്ങളില്‍ മുസ്ലീം പ്രാതിനിധ്യം നേരത്തെ തന്നെ കുറവായ രാജ്യമാണ് ഇന്ത്യ. പ്രത്യേകിച്ച് പൊലീസ്, നീതിന്യായ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് മുസ്ലീം പ്രാതിനിധ്യം നിയമ നിര്‍മ്മാണ സഭകളിലും ഗണ്യമായി കുറയുന്ന പ്രവണതയുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here