മക്കയിലും ജിദ്ദയിലും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ്

0
194

റിയാദ്: സൗദി അറേബ്യയിലെ മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ വിഭാഗമാണ് അറിയിപ്പ് നല്‍കിയത്. മക്ക, ജിദ്ദ, അല്‍ജമൂം, ബഹ്‌റ, അറഫ, ഖുലൈസ്, അസ്ഫാന്‍, അല്‍കാമില്‍, റഹാത്ത്, റാബിഗ് എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണി വരെ മഴയ്്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ആവശ്യപ്പെട്ടു.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ചില സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ (തിങ്കള്‍) സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് ഹമൂദ് അല്‍സഖീറാന്‍ അറിയിച്ചു. മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. ഈ സ്‌കൂളുകളിലെ കുട്ടികള്‍ നാളെ മദ്രസത്തി പ്ലാറ്റ്‌ഫോം വഴിയാകും ക്ലാസുകളില്‍ ഹാജരാകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം യുഎഇയില്‍ പലയിടങ്ങളിലും ഇന്ന് കനത്ത മഴ പെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ മഴ ലഭിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മഴയെ തുടര്‍ന്ന് യുഎഇയില്‍ ഇന്ന് താപനില കുറയുകയും ചെയ്തു. ഒമാന്‍റെ വിവിധ പ്രദേശങ്ങളിലും മഴ ലഭിച്ചു. ഞായറാഴ്ച രാവിലെ മസ്‌കറ്റിലും ഒമാനിലെ മറ്റ് നഗരങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here