ബിജെപിക്കായിറങ്ങിയ ഭാര്യയുടെ തെരഞ്ഞെടുപ്പ് വിജയം പണം വിതറി ആഘോഷിച്ച് രവീന്ദ്ര ജഡേജ, വീഡിയോ വൈറൽ

0
320

ജാംനഗർ: ഗുജറാത്ത് ജാംനഗർ നോർത്തിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിയായ ഭാര്യ റിവാബയുടെ വിജയം പണം വിതറി ആഘോഷിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഡിസംബർ എട്ടിന് ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് താരം നടത്തിയ ആഘോഷ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ഓൾറൗണ്ടറായ താരം ഒരു കൂട്ടം ഡോൾ മേളക്കാർക്കൊപ്പം ആഹ്ലാദപ്രകടനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. അവരുടെ മേളത്തിനൊപ്പിച്ച് ജഡേജ പണം വിതറുന്നതും കാണാം. പത്തു രൂപയുടെ നോട്ടാണ് നൽകുന്നത്. നിരവധി കമൻറുകളാണ് വീഡിയോക്ക് താഴെ വരുന്നത്. നോട്ടു നിരോധനത്തിന് ശേഷം ഞാൻ ചെയ്തതാണ് ജഡ്ഡു ബായി ഇപ്പോൾ ചെയ്യുന്നതെന്നായിരുന്നു ഒരു കമൻറ്.

 

53,570 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിവാബ ജയിച്ചത്. എഎപിയുടെ കർഷൻബായ് കർമുറായിരുന്നു പ്രധാന എതിരാളി. മണ്ഡലത്തിൽ 2012ൽ കോൺഗ്രസും 2017ൽ ബിജെപിയുമാണ് ജയിച്ചിരുന്നത്. ഡിസംബർ 1നാണ് ജാംനഗറിൽ തെരഞ്ഞെടുപ്പ് നടന്നത്. സിറ്റിങ് എം.എൽ.എയായ മേരുഭ ധർമേന്ദ്രസിങ് ജഡേജയെ ഒഴിവാക്കിയാണ് 2019ൽ ബി.ജെ.പിയിൽ ചേർന്ന റിവാബയെ സ്ഥാനാർഥിയാക്കിയത്. 32 കാരിയായ റിവാബ ജുനാഗഡ് സ്വദേശിയും ഭർത്താവ് ക്രിക്കറ്ററായ രവീന്ദ്ര ജഡേജ ജാംനഗർ സ്വദേശിയുമാണ്. കോൺഗ്രസ് കുടുംബമാണ് ജഡേജയുടേത്. അദ്ദേഹത്തിന്റെ സഹോദരി നൈന ജഡേജ ജാംനഗർ ജില്ലാ കോൺഗ്രസ് വനിതാ വിഭാഗം മേധാവിയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് ബിപേന്ദ്രസിങ് ജഡേജയ്ക്കുവേണ്ടിയും നൈന പ്രചാരണം നടത്തിയിരുന്നു.

പ്രചാരണത്തിനിടെ രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ്സിംഗ് ജഡേജ കോൺഗ്രസിന് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്ന വീഡിയോ വൈറലായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഹരി സിംഗ് സോളങ്കിയുടെ മരുമകൾ കൂടിയാണ് റിവാബ. ജാംനഗർ (വടക്ക്) നിയമസഭാ മണ്ഡലം ജാംനഗർ ലോക്‌സഭാ മണ്ഡലത്തിൻറെ ഭാഗമാണ്. 2004ലും 2009ലും ജാംനഗർ പാർലമെൻറ് സീറ്റിൽ നിന്ന് കോൺഗ്രസ് വിജയിച്ചതൊഴികെ, 1989 മുതൽ സീറ്റ് നിലനിർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here