ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര: മുഹമ്മദ് ഷമിയുടെ പകരക്കാരനെ പ്രഖ്യാപിച്ചു

0
180

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായ പേസര്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനെ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രക്കായി തിളങ്ങിയ ഇടം കൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടാണ് ഷമിയുടെ പകരക്കാരനായി ബംഗ്ലാദേശിനെതിരെ കളിക്കുക.

ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. രണ്ട് ടെസ്റ്റുകളില്‍ ഏതിലെങ്കിലും ഒന്നും പ്ലേയിംഗ് ഇലവനില്‍ കളിച്ചാല്‍ ഒരു അപൂര്‍വ റെക്കോര്‍ഡും 31കാരനായ ഉനദ്ഘട്ടിനെ കാത്തിരിക്കുന്നുണ്ട്. രണ്ട് ടെസ്റ്റുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താമാവും ഉനദ്ഘട്ട്. 2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഉനദ്ഘട്ട് അവസനമായി ഇന്ത്യക്കായി ടെസ്റ്റില്‍ പന്തെറിഞ്ഞത്. അതിനുശേഷം ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും കളിച്ചെങ്കിലും ഉനദ്ഘട്ടിനെ ടെസ്റ്റിലേക്ക് ഒരിക്കല്‍ പോലും പരിഗണിച്ചിരുന്നില്ല.

കരിയറില്‍ ഇതുവരെ ഒരു ടെസ്റ്റില്‍ മാത്രമാണ് ഉനദ്ഘട്ട് ഇന്ത്യക്കായി പന്തറിഞ്ഞത്. വലം കൈയന്‍ പേസറായ മുഹമ്മദ് ഷമിക്ക് പകരം ഇടം കൈയന്‍ പേസറായ ഉനദ്ഘട്ടിനെ ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് നിലവിലെ ഫോം കണക്കിലെടുത്താണ് അദ്ദേഹത്തെ ടീമിലെടുത്തത് എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ 10 മത്സരങ്ങളില്‍ 19 വിക്കറ്റെടുത്ത് ഉനദ്ഘട്ട് തിളങ്ങിയിരുന്നു.

14നാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ഏകദിന പരമ്പരക്കിടെ പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. രോഹിത് കളിച്ചില്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ആയിരിക്കും ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ട ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയില്‍ വിജയം നേടേണ്ടത് അനിവാര്യമാണ്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താനും ഇന്ത്യക്ക് വഴി തുറക്കാനാവും. ഫെബ്രുവരിയില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ഇനി കളിക്കാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here