ഉപ്പളയിൽ സംഘട്ടനത്തിനിടെ പരിക്കേറ്റ് മറുനാടൻ തൊഴിലാളി മരിച്ച സംഭവം: വയറിനകത്തെ അണുബാധയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

0
206

മഞ്ചേശ്വരം : സംഘട്ടനത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ട മറുനാടൻ തൊഴിലാളിയുടെ മരണത്തിന് കാരണം അടിയേറ്റുണ്ടായ പരിക്കല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇദ്ദേഹത്തിന് ഇതിനു മുൻപ് തന്നെ വയറ്റിൽ അണുബാധയുണ്ടായിരുന്നു. ഇത് കാരണം വയറ്റിലുണ്ടായിരുന്ന പഴുപ്പ് മൂർച്ഛിച്ചതാണ് മരണ കാരണം എന്ന് റിപ്പോർട്ടിൽ പറയുന്നതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു.

മഞ്ചേശ്വരത്തെ ഫാസ്റ്റ്ഫുഡ് കടയിൽ ജോലിക്കാരനായ മൈസൂരു സ്വദേശി സുന്ദര (52) ആണ് കാസർകോട് ജനറൽ ആസ്പത്രിയിൽ ചികിത്സയ്ക്കിടെ വ്യാഴാഴ്ച മരിച്ചത്. സഹതൊഴിലാളിയായ കർണാടകക്കാരനുമായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഞ്ചേശ്വരം ഐല ദുർഗാപരമേശ്വരി ക്ഷേത്ര പരിസരത്തുവെച്ച് സംഘട്ടനമുണ്ടായത്.

തുടർന്ന് മംഗൽപ്പാടി താലൂക്ക് ആസ്പത്രിയിലും കാസർകോട് ജനറൽ ആസ്പത്രിയിലും ചികിത്സ തേടിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത് സംഘട്ടനത്തിലുണ്ടായ പരിക്കല്ലെന്നും അതിനെ സൂചിപ്പിക്കുന്ന രീതിയിൽ പാടുകളൊന്നും ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിട്ടില്ലെന്നുമാണ് മൃതദേഹ പരിശോധന റിപ്പോർട്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത മഞ്ചേശ്വരം പോലീസ് ഇയാളുമായി സംഘട്ടനത്തിൽ ഏർപ്പെട്ട സഹപ്രവർത്തകനുൾപ്പടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നതായി പോലീസ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here