വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധു ആഴമുള്ള പാറക്കുളത്തിൽ വീണു, രക്ഷിക്കാൻ പിന്നാലെ ചാടി വരൻ, ഇനി വിവാഹം മൂന്ന് മാസം കഴിഞ്ഞ്

0
252

ചാത്തന്നൂർ: വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധൂവരന്മാർ പാറക്കുളത്തിൽ വീണു. 50 അടിയിലേറെ വെള്ളമുള്ള കുളത്തിൽ നിന്ന് നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് സാഹസികമായാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്തോടെ കല്ലുവാതുക്കലിലെ കാട്ടുപുറം ആയിരവില്ലി പാറക്കുളത്തിലായിരുന്നു അപകടം. പരവൂർ കൂനയിൽ അശ്വതികൃഷ്ണയിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകൻ വിനു.വി.കൃഷ്ണനും കല്ലുവാതുക്കൽ പാമ്പുറം അറപ്പുര വീട്ടിൽ പരേതനായ ശ്രീകുമാറിന്റെയും സരിതയുടെയും മകൾ സാന്ദ്ര.എസ്.കുമാറുമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പാരിപ്പള്ളി പാമ്പുറം മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്.

വ്യാഴാഴ്ച രാവിലെ വധുവിന്റെ വീട്ടിൽ സ്വീകരണ സത്കാരങ്ങൾക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വരൻ സാന്ദ്രയുമായി പാറക്കുളത്തിന്റെ കരയിലെത്തിയത്. സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി സാന്ദ്ര കുളത്തിലേക്ക് വീഴുകയായിരുന്നു. വിനു പിന്നാലെ ചാടിയെങ്കിലും സാന്ദ്രയെ കരയ്‌ക്കെത്തിക്കാൻ കഴിഞ്ഞില്ല. നിലവിളി കേട്ടെത്തിയ നാട്ടുകാരും പാരിപ്പള്ളി എസ്.എച്ച്.ഒ അൽ ജബ്ബാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസും നാവായ്ക്കുളത്ത് നിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. തുടർന്ന് ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നട്ടെല്ലിനും കാലിനും പരിക്കേറ്റ സാന്ദ്രയ്ക്ക് മൂന്നുമാസത്തെ പൂർണവിശ്രമം ആവശ്യമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതിനുശേഷം വിവാഹം നടത്താനാണ് ഇരുവീട്ടുകാരുടെയും തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here