‘മാതൃഭൂമി’ക്കെതിരേ നിയമസഭയില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; കുറിപ്പുമായി തിരിച്ചടിച്ച് പത്രാധിപര്‍; ചേരിതിരിഞ്ഞ് പോര്

0
205

‘മാതൃഭൂമി’ക്കെതിരേ നിയമസഭയില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഏത് പദ്ധതി വന്നാലും നിങ്ങളുടെ കാലത്തായാലും ഞങ്ങളുടെ കാലത്തായാലും എതിര്‍ക്കുന്ന ചിലരുണ്ട്. അത് പലതും രാഷ്ട്രീയപ്രസ്ഥാനങ്ങളല്ല. പ്രത്യേകമായ ചില വിഭാഗങ്ങളുണ്ട്. ഏതു പദ്ധതിക്കും എതിരാണവര്‍. ആ കൂട്ടത്തില്‍ നില്‍ക്കുന്നൊരു പത്രമാണിത്. കേരളത്തിലെ ഏത് പദ്ധതിയെയാണ് ഈ പത്രം അനുകൂലിച്ചിട്ടുള്ളത്.

നിങ്ങളോര്‍ക്കണം കേരളത്തിന്റെ പഴയ ചരിത്രം. ആ ചരിത്രത്തില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഒരു പുതിയ പദ്ധതി, നാടിനാവശ്യമായൊരു പദ്ധതി മുേന്നാട്ടുവന്നപ്പോള്‍ അനുകൂലിക്കാന്‍ തയ്യാറായിട്ടുണ്ടോ. അതിനെയൊക്കെ സാക്ഷ്യപ്പെടുത്തി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ നില്‍ക്കേണ്ട. അവരുടെ താത്പര്യത്തിനനുസരിച്ച് ഉള്ളതും ഇല്ലാത്തതുമായ കുറെ കാര്യങ്ങള്‍ എഴുതിവെച്ചിട്ടുണ്ടാകും. അത് കിട്ടിപ്പോയി എന്ന മട്ടില്‍ എടുത്ത് പുറപ്പെടുന്നത് നല്ല കാര്യമല്ലെന്നേ എനിക്ക് പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കല്ലുകള്‍ സ്ഥാപിച്ച സ്ഥലത്തിന്റെ ഉടമകള്‍ അനുവഭിക്കുന്ന ബുദ്ധിമുട്ടുകള്‍ വാര്‍ത്തകളെ ഉദ്ധരിച്ച് റോജി എം. ജോണാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. മറുപടിക്കിടെ ഭൂമി ക്രയവിക്രയത്തിനോ പണയപ്പെടുത്താനോ സാങ്കേതിക തടസ്സമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതേത്തുടര്‍ന്ന് റോജി എഴുന്നേറ്റ് ‘മാതൃഭൂമി’യില്‍ വന്ന ഇതുമായി ബന്ധപ്പെട്ട വ്യക്തികളുടെ അനുഭവങ്ങളിലെ രണ്ടോ മൂന്നോ ഉദാഹരണങ്ങളാണ് വായിച്ച’തെന്ന് അറിയിച്ചു. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുകയും അദ്ദേഹം കടുത്തവിമര്‍ശനം ഉന്നയിക്കുകയുമായിരുന്നു.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മാതൃഭൂമി പത്രാധിപര്‍ രംഗത്തെത്തി. മലയാളി സമൂഹത്തിനൊപ്പമാണ് തങ്ങളെന്നും പദ്ധതികള്‍ക്ക് എതിരല്ല, എന്നും ജനങ്ങള്‍ക്കൊപ്പമാണ് നിലപാട് എടുത്തതെന്നും പത്രാധിപര്‍ വിശദീകരിച്ചു. നാളേക്കായുള്ള ചിന്തയില്‍ മണളണും മനുഷ്യനും ഉള്‍ക്കൊള്ളുന്ന സുസ്ഥിര വികസന സങ്കല്‍പ്പമാണ് എന്നും മാതൃഭൂമിയുടേത്. ഒട്ടേറെ വികസന പദ്ധതികളില്‍ മാതൃഭൂമി പങ്കാളികള്‍ ആയിട്ടുണ്ട്. അന്ധമായി ഒരു പദ്ധതിയെയും എതിര്‍ത്തിട്ടില്ല. പദ്ധതികള്‍ ഒരാളുടെയെങ്കിലും കണ്ണീര്‍ വീഴിക്കുന്നുണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടും. ജനാധിപത്യത്തിന്റെ നാലാംതൂണ്‍ എന്ന നിലയില്‍ ഞങ്ങളുടെ ചുമതലയാണ്. അത് പത്രധര്‍മ്മം എന്നതിനൊപ്പം മാതൃഭൂമിയുടെ പ്രതിജ്ഞയുമാണെന്ന് പത്രാധിപരുടെ കുറിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here