മലപ്പുറം: നിലവിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ അതേ ഫലമാണ് ഗുജറാത്തിലേതെന്ന് പ്രതികരിച്ച് മുസ്ലിം ലീഗ്. എൻഡിഎ വിരുദ്ധർ ഭിന്നിച്ചതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കെജ്രിവാൾ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. കെജ്‌രിവാളിന്റെ സാന്നിധ്യം ബിജെപിക്ക് ഗുണം ചെയ്തു. ഇന്ത്യയിൽ മുഴുവൻ ജനപ്രതിനിധികളെ വിലക്ക് വാങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നു. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ സഖ്യം വേണമെന്നും പിഎംഎ സലാം പറഞ്ഞു.
അതേസമയം ചരിത്ര വിജയം നേടിയ ഗുജറാത്തിൽ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായാണ് ബിജെപി അധികാരത്തിലെത്തിയത്.
ആകെയുള്ള 182 സീറ്റിൽ 156 സീറ്റിലും ബിജെപി ഇപ്പോൾ വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നുണ്ട്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് വെറും 18 സീറ്റിലേ ജയിക്കാനായുള്ളൂ. അതേസമയം ആദ്യമായി സംസ്ഥാനത്ത് പോരിനിറങ്ങിയ ആം ആദ്മി പാർട്ടി അഞ്ചിടത്ത് മുന്നിലാണ്. സമാജ്വാദി പാർടി ഒരിടത്തും, സ്വതന്ത്രർ രണ്ട് ഇടത്തും മുന്നിലുണ്ട്.
ആകെ പോൾ ചെയ്തതിൽ 52 ശതമാനം വോട്ടും നേടിയാണ് ബിജെപി ഇക്കുറി അധികാരത്തിലേക്ക് കടക്കുന്നത്. ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനം തുടർച്ചയായി ഭരിച്ചതിന്റെ സിപിഎം റെക്കോർഡ് കൂടെ ഇതോടെ ബിജെപിയുടെ പക്കലേക്ക് മാറും. അടുത്ത അഞ്ച് വർഷക്കാലം സംസ്ഥാനത്ത് അധികാരം നിലനിർത്തിയാൽ ബിജെപിയാകും ഈ റെക്കോർഡിന്റെ അവകാശികൾ.