കാസർകോട്: ജില്ലയിൽ ദേശീയപാത വികസനത്തിൽ തലപ്പാടി– ചെങ്കള റീച്ചിൽ 22 ശതമാനം പ്രവൃത്തി പൂർത്തിയായി. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പ്രവൃത്തിയിൽ നാഴികകല്ലാണിത്. 36 .5 കിലോമീറ്റർ ആറുവരി പാതയിൽ ഏഴ് കിലോമീറ്റർ ടാറിങ് പൂർത്തിയായി. മൂന്ന് കിലോമീറ്റർ ടാറിങ്ങിന് സജ്ജമായി.
തലപ്പാടി മുതൽ കുഞ്ചത്തൂർ വരെയുള്ള പ്രദേശത്താണ് ടാറിങ് പൂർത്തിയായത്. ഇരുവശത്തുമായി 66 കിലോമീറ്റർ സർവീസ് റോഡിൽ അഞ്ച് കിലോമീറ്റർ ടാർ ചെയ്‌തു. നാല് കിലോമീറ്റർ ടാറിങ്ങിന് സജ്ജമായി. 18 കിലോമീറ്ററിൽ പ്രവൃത്തി പുരോഗമിക്കുന്നു. റോഡ് നിർമാണത്തിന് പരമപ്രധാനമാണ് ഓവുചാലും പാർശ്വഭിത്തിയും. ഇരുവശത്തുമായി 78 കിലോമീറ്റർ ഓവുചാലിൽ 34 കിലോമീറ്റർ പൂർത്തിയായി. സ്ലാബ് ഉൾപ്പെടെയാണിത്. ആറ് കിലോമീറ്ററിൽ പണി പരോഗമിക്കുന്നു. സുരക്ഷാഭിത്തി ഇരുവശത്തേക്കുമായി 50 കിലോമീറ്ററാണ്. ഇതിൽ 50 ശതമാനവും കഴിഞ്ഞു.
കാസർകോട് മേൽപ്പാലത്തിൽ 20 തൂൺ റെഡി
പാലങ്ങളുടെ പ്രവൃത്തിയും ദ്രുതഗതിയിലാണ്. കാസർകോട് മേൽപ്പാലത്തിന്റെ 30 തൂണുകളിൽ 20 പൂർത്തിയായി. മറ്റുള്ളവയുടെ പണി പുരോഗമിക്കുന്നു. മഞ്ചേശ്വരം, പൊസോട്ട്, ഉപ്പള, മംഗൽപാടി (കുക്കാർ), ഷിറിയ, കുമ്പള, മൊഗ്രാൽ, എരിയാൽ എന്നീ എട്ട് പാലങ്ങൾക്കായി 63 തൂണുകൾ നിർമിക്കണം. ഇതിൽ 49 എണ്ണം പൂർത്തിയായി. പാലങ്ങൾ പൊളിച്ച് പണിയേണ്ട 14 തൂണുകളാണ് ബാക്കിയുള്ളത്. 234 ഗർഡറുകളിൽ 25 ശതമാനം കഴിഞ്ഞു. ഉപ്പള ആകാശപാതയുടെ ഡിസൈൻ തയ്യാറായി വരുന്നു.
അടിപ്പാതകളിൽ മൊഗ്രാൽ, ബിസി റോഡ് എന്നിവിടങ്ങളിൽ നിർമാണം കഴിഞ്ഞു. കുഞ്ചത്തൂർ, മഞ്ചേശ്വരം, ആരിക്കാടി, കുമ്പള, ചൗക്കി അടിപ്പാതകളുടെ നിർമാണം 50 ശതമാനം പൂർത്തിയായി. ചെങ്കള നായനാർ ആശുപത്രിക്ക് മുന്നിൽ പ്രവൃത്തി തുടങ്ങി.
ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ തലപ്പാടിമുതൽ ചെങ്കളവരെ ദേശീയപാത ആറുവരി പാത നിർമാണം എൻഎച്ച്എഐയുടെയും സംസ്ഥാന സർക്കാരിന്റെയും പൂർണ പിന്തുണയിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ് . കൃത്യമായ ആസൂത്രണത്തിലൂടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നിർമാണം. മറ്റ് പ്രായോഗിക തടസ്സം നേരിട്ടില്ലെങ്കിൽ ജനങ്ങളും ജനപ്രതിനിധികളും നൽകുന്ന പിന്തുണയുടെ ഊർജത്തിൽ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുമെന്ന ഉത്തമവിശ്വാസത്തിലാണ് സൊസൈറ്റി.
പാലേരി രമേശൻ, ചെയർമാൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസെറ്റി