കൊച്ചി: ബട്ടൺ രൂപത്തിലാക്കി ട്രോളിയിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും വന്ന കാസർകോട് സ്വദേശി മുഹമ്മദാണ് ഇത്തരത്തിൽ 140 ഗ്രാം സ്വർണം നാല് ബട്ടൻസുകളുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. വിമാനത്തിൽ നിന്നിറങ്ങിയ ഇയാൾ സ്വർണം ട്രോളിയിലൂടെ കൈപ്പിടിയിലേക്ക് മാറ്റിയ ശേഷം അതിന്മേൽ ബാൻഡേജ് ഒട്ടിച്ചു.
ശേഷം ടിഷ്യൂ പേപ്പറുകൾ കൊണ്ട് പൊതിഞ്ഞു. കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്നും കൈമാറ്റുവാൻ തയ്യാറായില്ല. ഇതേതുടർന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
സ്വർണക്കടത്തിനായി വ്യത്യസ്‌തങ്ങളായ രീതികളാണ് സ്വർണക്കടത്തുകാർ സ്വീകരിച്ചു വരുന്നത്. വിമാനത്താവളത്തിലെ പരിശോധന ശക്തമാക്കിയ ശേഷമാണ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള പുതുവഴികൾ കാരിയർമാർ തേടുന്നത്. ഈയൊരു സാഹചര്യത്തിലാണ് യാത്രക്കാരെ സൂക്ഷ്‌മമായ പരിശോധനയ്ക്ക് വിധേയമാക്കി വരുന്നത്.