ഗോള്‍, അസിസ്റ്റ്, പെനാല്‍റ്റി, കാര്‍ഡ്; ഖത്തറിലെ കണക്ക് ഇതുവരെ

0
177

കഴിഞ്ഞ രണ്ടാഴ്ചയായി ലോകം ഖത്തറിലേക്കു ചുരുങ്ങിയിരിക്കുകയാണ്. മുപ്പത്തിരണ്ട് ടീമുകളുമായി നവംബര്‍ 20-ന് കിക്കോഫായ 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇനി ശേഷിക്കുന്നത് ഏഴു മത്സരങ്ങളും എട്ടു ടീമുകളും. ഓടിയെത്താവുന്ന ചുറ്റളവിലുള്ള എട്ടു സ്‌റ്റേഡിയങ്ങളിലായി നടന്ന മത്സരങ്ങളില്‍ ബഹുഭൂരിപക്ഷം മത്സരങ്ങളും കാണാനായതിന്റെ ആഹ്‌ളാദത്തിലാണ ആരാധകര്‍.

ഗ്രൂപ്പ് ഘട്ടവും പ്രീക്വാര്‍ട്ടറും കടന്നു ടീമുകള്‍ ക്വാര്‍ട്ടര്‍ റൗണ്ടിന്റെ പിരിമുറുക്കത്തിലാണ്. ഇന്നലെ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് പോര്‍ചുഗല്‍ അവസാന ബസില്‍ എത്തിയതോടെ ക്വാര്‍ട്ടര്‍ ലൈനപ്പ് വ്യക്തമായിക്കഴിഞ്ഞു. രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം ഒമ്പതിനും 10-നുമായി ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ അരങ്ങേറും.

ഈ സാഹചര്യത്തില്‍ ഖത്തറില്‍ ഇതുവരെ നടന്ന മത്സരങ്ങളിലെ കണക്കുകളും ഗോളുകളും ഒന്നു പരിശോധിക്കാം. ലൂസേഴ്‌സ് ഫൈനല്‍ അടക്കം 64 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ 56 മത്സരങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇതിനോടകം പിറന്നത് 155 ഗോളുകള്‍. ഇതാണ് ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റാറ്റ്. എന്നാല്‍ ഗോള്‍ എണ്ണത്തിനു പുറമേ ശ്രദ്ധേയമായേക്കാവുന്ന ഒരുപിടി കണക്കുകള്‍ കൂടിയുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ഗോള്‍ നേട്ടം ആഘോഷിക്കുന്ന പോര്‍ചുഗല്‍ താരങ്ങള്‍.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ഗോള്‍ നേട്ടം ആഘോഷിക്കുന്ന പോര്‍ചുഗല്‍ താരങ്ങള്‍.


1.) കൂടുതല്‍ ഗോള്‍ നേടിയ ടീം

പ്രീക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഗോള്‍ വേട്ടയില്‍ യുറോപ്യന്മാരാണ് മുന്‍പന്തിയില്‍. ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമുകളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്തും യൂറോപ്യന്‍ ടീമുകളാണ്. 12 ഗോളുകളുമായി പോര്‍ചുഗലും ഇംഗ്ലണ്ടുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. അടിച്ച ഗോളുകളുടെ എണ്ണത്തില്‍ ഒപ്പമാണെങ്കിലും കളിച്ച എല്ലാ കളികളിലും ഗോള്‍ നേടിയെന്നതിനാല്‍ ഇംഗ്ലണ്ടിനെ പിന്തള്ളി പോര്‍ചുഗലാണ് പട്ടികയില്‍ ഒന്നാമത്.

ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ കച്ചകെട്ടുന്ന നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സാണ് ഒമ്പതു ഗോളുകളുമായി മൂന്നാമത്. പ്രീക്വാര്‍ട്ടറില്‍ പുറത്തായ സ്‌പെയിനും ഒമ്പത് തവണ വലകുലുക്കി നാലാം സ്ഥാനത്തുണ്ട്. എട്ടു തവണ സ്‌കോര്‍ ചെയ്ത ഹോളണ്ട് അഞ്ചാമതുള്ളപ്പോള്‍ ഏഴു ഗോളുകളുമായി ലാറ്റിനമേരിക്കന്‍ ടീമുകളായ ബ്രസീലും അര്‍ജന്റീനയുമാണ് യഥാക്രമം ആറും ഏഴും സ്ഥാനങ്ങളില്‍.

ആറു ഗോളുകളുമായി ജര്‍മനി എട്ടാം സ്ഥാനത്തുള്ളപ്പോള്‍ അഞ്ചു ഗോളുകള്‍ നേടിയ സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവര്‍ക്കു പിന്നില്‍ അതേ ഗോളെണ്ണവുമായി 12-ാം സ്ഥാനത്താണ് അവസാന എട്ടില്‍ ഇടംനേടിയ മറ്റൊരു ടീമായ ക്രൊയേഷ്യ. ക്വാര്‍ട്ടറില്‍ കടന്ന എട്ടു ടീമുകളില്‍ ഏറ്റവും കുറച്ച് ഗോളുകള്‍ നേടിയത് മൊറോക്കോയാണ്. ഇതുവരെ കളിച്ച നാലു മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകള്‍ മാത്രം നേടിയ അവര്‍ പട്ടികയില്‍ 18-ാം സ്ഥാനത്താണ്.

കിലിയന്‍ എംബാപ്പെയും സഹതാരം ഒളിവര്‍ ജിറൂഡും ഗോള്‍ ആഘോഷത്തില്‍.
കിലിയന്‍ എംബാപ്പെയും സഹതാരം ഒളിവര്‍ ജിറൂഡും ഗോള്‍ ആഘോഷത്തില്‍.


2.) ടോപ് സ്‌കോറര്‍

തുടര്‍ച്ചയായി അഞ്ചു വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടി പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചരിത്രമെഴുതിയ ഖത്തറില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടി മത്സരിക്കാന്‍ ക്രിസ്റ്റിയാനോ ഇല്ലെന്നത് വിരോധാഭാസമാണ്. ആദ്യ മത്സരത്തില്‍ നേടിയ ഒരൊറ്റ ഗോള്‍ മാത്രം ക്രിസ്റ്റിയാനോയുടെ പേരിലുള്ളപ്പോള്‍ ടോപ്‌സ്‌കോറര്‍ പട്ടികയില്‍ ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെയാണ് മുന്നില്‍.

നാലു മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകളുമായാണ് എംബാപ്പെ കുതിക്കുന്നത്. തൊട്ടുപിന്നില്‍ മൂന്നു ഗോളുകളുമായി അര്‍ജന്റീന്‍ ഇതിഹാസം ലയണല്‍ മെസിയടക്കം ഒമ്പതു പേരാണ് എംബാപ്പെയുമായി മത്സരിക്കുന്നത്. ഇതില്‍ റൊണാള്‍ഡോയ്ക്കു പകരക്കാരനായി ഇന്നലെ ഇറങ്ങി ഹാട്രിക് നേടിയ പോര്‍ചുഗീസ് യുവതാരം ഗോണ്‍സാലോ റാമോസാണ് രണ്ടാം സ്ഥാനത്ത്.

ബ്രസീല്‍ താരം റിച്ചാര്‍ലിസണ്‍, ഇംഗ്ലണ്ട് താരം ബുക്കായോ സാക്ക, ഫ്രഞ്ച് താരം ഒളിവര്‍ ഗിറൗഡ്, മെസി, സ്പാനിഷ് താരം ആല്‍വാരോ മൊറാട്ട, ഇംഗ്ലീഷ് താരം മാര്‍ക്കസ് റഷ്‌ഫോര്‍ഡ്, ഹോളണ്ട് യുവതാരം കോഡി ഗ്യാക്‌പോ, വെനസേല താരം എന്നര്‍ വലന്‍സിയ എന്നിവരാണ് മൂന്നു ഗോളുകളുമായി യഥാക്രമം രണ്ടു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.

യുവതാരങ്ങളായ ഫില്‍ ഫോഡനും ബുക്കായോ സാക്കയ്ക്കുമൊപ്പം ആഹ്‌ളാദം പങ്കിടുന്ന ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍.
യുവതാരങ്ങളായ ഫില്‍ ഫോഡനും ബുക്കായോ സാക്കയ്ക്കുമൊപ്പം ആഹ്‌ളാദം പങ്കിടുന്ന ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍.


3.) കൂടുതല്‍ അസിസ്റ്റ്

ഖത്തറില്‍ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ മുന്‍പന്തിയില്‍ കാണുമെന്നു പ്രതീക്ഷിച്ച താരമാണ് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍. എന്നാല്‍ ഇപ്പോള്‍ സഹതാരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, റഹീം സ്‌റ്റെര്‍ലിങ്, ഫില്‍ ഫോഡന്‍ എന്നിവര്‍ക്കു ഗോളിനു വഴിയൊരുക്കിയ കെയ്ന്‍ ഏറ്റവും കൂടുതല്‍ തവണ ഗോളിനു വഴിയൊരുക്കിയവരുടെ പട്ടികയിലാണ് തിളങ്ങി നില്‍ക്കുന്നത്.

മൂന്ന് അസിസ്റ്റുകളുമായി ഈ പട്ടികയില്‍ രണ്ടാം സഥാനത്താണ് കെയ്ന്‍. മൂന്നു തവണ ഗോളിനു വഴിയൊരുക്കിയ പോര്‍ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസാണ് ഒന്നാമത്. ലോക ഫുട്‌ബോളില്‍ അസിസ്റ്റുകളുടെ കിങ് എന്നറിയപ്പെടുന്ന അര്‍ജന്റീന്‍ ഇതിഹാസം ലയണല്‍ മെസി ആദ്യ പത്തില്‍ ഇടംപിടിക്കാത്ത പട്ടികയില്‍ പോര്‍ചുഗല്‍ താരങ്ങള്‍ക്കാണ് ആധിപത്യം.

പറങ്കിപ്പടയിലെ അംഗങ്ങളായ ജാവോ ഫെലിക്‌സ്, റാഫേല്‍ ഗ്യുരേയ്‌രോ എന്നിവര്‍ ഈരണ്ട് അസിസ്റ്റുകളുമായി മൂന്നും നാലും സ്ഥാനത്തെത്തിയപ്പോള്‍ അത്രതന്നെ അസിസ്റ്റുകളുള്ള ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറാണ് അഞ്ചാം സ്ഥാനത്ത്. ഫില്‍ ഫോഡന്‍, കിലിയന്‍ എംബാപ്പെ, ഒസ്മാനെ ഡെംപ്‌ലെ, ഡെന്‍സല്‍ ഡംഫ്രീസ, ക്രിസ്റ്റിയന്‍ പുലിസിച്ച് എന്നിവരാണ് ഈരണ്ട് അസിസ്റ്റുകളുമായി ആറു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.

ക്രൊയേഷ്യയ്‌ക്കെതിരേ ഗോള്‍ നേടിയ കനേഡിയന്‍ താരം അല്‍ഫോണ്‍സോ ഡേവിസിന്റെ ആഹ്‌ളാദം.
ക്രൊയേഷ്യയ്‌ക്കെതിരേ ഗോള്‍ നേടിയ കനേഡിയന്‍ താരം അല്‍ഫോണ്‍സോ ഡേവിസിന്റെ ആഹ്‌ളാദം.


4.) വേഗതയേറിയ ഗോള്‍

ഖത്തര്‍ ലോകകപ്പില്‍ വേഗമേറിയ ഗോളിന് നിലവല്‍ കാനഡ താരം അല്‍ഫോണ്‍സോ ഡേവിസാണ് ഉടമ. ക്രൊയേഷ്യയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 1:08 എന്ന സമയത്ത് സ്‌കോര്‍ ചെയ്താണ ഡേവിസ് വേഗമേറിയ ഗോളിന് ഉടമയായത്. കാനഡയുടെ അതേ ഗ്രൂപ്പില്‍ നിന്ന് അദ്ഭുതം സൃഷ്ടിച്ച് ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്ന മൊറോക്കോയുടെ ഹക്കീം സിയെച്ചാണ് ഡേവിസനു പിന്നില്‍ രണ്ടാം സ്ഥാനത്ത്.

കാനഡയ്‌ക്കതിരായ മത്സരത്തിലാണ് സിയെച്ചിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. കാനഡയ്‌ക്കെതിരേ 3:31 എന്ന സമയത്തില്‍ ടീമിനെ മുന്നിലെത്തിച്ചാണ് സിയെച് നേട്ടം സ്വന്തമാക്കിയത്. പോര്‍ചുഗല്‍ താരം റിക്കാര്‍ഡോ ഹോര്‍തയാണ് മൂന്നാം സഥാനത്ത്. ദക്ഷിണകൊറിയയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 4:53 എന്ന സമയത്താണ് ഹോര്‍ത സ്‌കോര്‍ ചെയ്തത്.

ഇവര്‍ക്കു പിന്നില്‍ വീനിഷ്യസ് ജൂനിയര്‍(ബ്രസീല്‍ – 6:41), ക്രെയ്ഗ് ഗുഡ്‌വിന്‍(ഓസ്‌ട്രേലിയ – 8:24), ലയണല്‍ മെസി(അര്‍ജന്റീന – 9:15), മെംഫിസ് ഡിപേ(ഹോളണ്ട് – 9:31), സെര്‍ജിയോ ഗ്നാബ്രി(ജര്‍മനി – 9:32), ഡാനി ഓല്‍മോ(സ്‌പെയിന്‍ – 10:52), നെയ്മര്‍(ബ്രസീല്‍ 12:18) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു താരങ്ങള്‍.

സ്‌പെയിനെതിരേ പെനാല്‍റ്റി കിക്ക് സേവ് ചെയ്യുന്ന മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസീന്‍ ബോനു.
സ്‌പെയിനെതിരേ പെനാല്‍റ്റി കിക്ക് സേവ് ചെയ്യുന്ന മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസീന്‍ ബോനു.


5.) കൂടുതല്‍ ക്ലീന്‍ ഷീറ്റുകള്‍

ഗോള്‍ അടിക്കുന്നതു മാത്രമല്ല, ഗോള്‍ വഴങ്ങാതിരിക്കുന്നതും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. അങ്ങനെയെങ്കില്‍ ഈ ലോകകപ്പിന്റെ കറുത്തകുതിരകളായ മൊറോക്കോയാണ് അക്കാര്യത്തില്‍ കേമന്മാര്‍. കളിച്ച നാലു മത്സരങ്ങളില്‍ മൂന്നിലും ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കായി.

നാലു ഗോളുകളാണ് ഓണ്‍ഫീല്‍ഡ് ഗെയിമില്‍ അവര്‍ സ്‌കോര്‍ ചെയ്തത്. വഴങ്ങിയതാകട്ടെ വെറും ഒരെണ്ണവും. കാനഡയാണ് അവരുടെ വലയില്‍ പന്തെത്തിച്ചത്. ഗ്രൂപ്പ് റൗണ്ടിലെ കണക്കുകളാണിത്. പിന്നീട് ഇന്നലെ നടന്ന പ്രീക്വാര്‍ട്ടറില്‍ കരുത്തരായ സ്‌പെയിനെതിരേ നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കായി. തുടര്‍ന്ന് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക നീങ്ങിയപ്പോഴും അവര്‍ ഗോള്‍ വഴങ്ങിയില്ല. സ്‌പെയിന്റെ മൂന്നു കിക്കുകളും തടുത്തിട്ട അവര്‍ മൂന്നു തവണ സ്‌പോട്ടില്‍ നിന്നു ലക്ഷ്യം കണ്ട് ക്വാര്‍ട്ടറിലേക്കു മുന്നേറുകയും ചെയ്തു.

ഇംഗ്ലണ്ടാണ് ഇക്കാര്യത്തില്‍ മൊറോക്കോയോട് കിടപിടിച്ചു നില്‍ക്കുന്നത്. ത്രീ ലയണ്‍സും മൂന്നു മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തി. എന്നാല്‍ ഏറ്റവും കുറച്ചു ഗോള്‍ വഴങ്ങിയതിന്റെ പേരില്‍ മൊറോക്കോ പട്ടികയില്‍ തലപ്പത്തെത്തി. ഇവര്‍ക്കു പിന്നില്‍ യുറുഗ്വായ്, ബെല്‍ജിയം, ക്രൊയേഷ്യ, അര്‍ജന്റീന, ഓസ്‌ട്രേലിയ, ടുണീഷ്യ, യു.എസ്.എ, ഹോളണ്ട് എന്നിവരാണ് രണ്ടു ക്ലീന്‍ ഷീറ്റുകളുമായി മൂന്നു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.

ദക്ഷിണ കൊറിയന്‍ പരിശീലകന്‍ പൗളോ ബെന്റോയെ ചുവപ്പ് കാര്‍ഡ് കാണിക്കുന്ന റഫറി ആന്റണി ടെയ്‌ലര്‍.
ദക്ഷിണ കൊറിയന്‍ പരിശീലകന്‍ പൗളോ ബെന്റോയെ ചുവപ്പ് കാര്‍ഡ് കാണിക്കുന്ന റഫറി ആന്റണി ടെയ്‌ലര്‍.


6.) കൂടുതല്‍ കാര്‍ഡുകള്‍

ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു ദേശീയ ടീം മുഖ്യപരിശീലകന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതും ഖത്തറിലാണ്. ഘാനയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വി നേരിട്ട ശേഷം റഫറിയുമായി തര്‍ക്കിച്ചതിന് ദക്ഷിണ കൊറിയയുടെ പോര്‍ചുഗല്‍ പരിശീലകന്‍ പൗളോ ബെന്റോയാണ് ചുവപ്പ് കണ്ടത്. ബെന്റോയുടെ നേര്‍ക്ക് ചുവപ്പ് എടുത്ത് വീശിയ റഫറിയുടെ ആള് ചില്ലറക്കാരനല്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കാര്‍ക്കശ്യത്തിനും കാര്‍ഡ് കളിക്കും പേരുകേട്ട ആന്റണി ടെയ്‌ലറായിരുന്നു അത്. പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ മാത്രം 12 മത്സരങ്ങളില്‍ അഞ്ച് റെഡ് കാര്‍ഡുകള്‍ പുറത്തെടുത്തയാളാണ് ടെയ്‌ലര്‍.

അതൊക്കെ കളത്തിനു പുറത്തെ കാര്യം. കളത്തിനുള്ളില്‍ അച്ചടക്ക ലംഘനം നടത്തി ഏറ്റവും കൂടുതല്‍ കാര്‍ഡ് വാങ്ങിയതില്‍ മുന്നില്‍ ആഫ്രിക്കന്‍ ടീമായ കാമറൂണാണ്. ഒരു ചുവപ്പ് അടക്കം എട്ടു തവണയാണ് കാമറൂണ്‍ താരങ്ങള്‍ റഫറിയുടെ കാര്‍ഡ് വീശലിന് ഇരയായത്.

ഒരു ചുവപ്പും അഞ്ച് മഞ്ഞക്കാര്‍ഡുകളും കണ്ട വെയില്‍സ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഖത്തര്‍ ലോകകപ്പില്‍ ആദ്യ ചുവപ്പ് ഏറ്റുവാങ്ങിയതും വെയില്‍സ് താരമാണ്. ഇറാനെതിരേ അവരുടെ ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്നസിയെയാണ് റഫറി പുറത്താക്കിയത്.

കാമറൂണും സ്വിറ്റ്‌സര്‍ലന്‍ഡും മാത്രമാണ് ചുവപ്പ് കാര്‍ഡ് കണ്ട താരങ്ങളുള്ള ടീമുകള്‍. 14 മഞ്ഞക്കാര്‍ഡുകളുമായി സൗദി അറേബ്യയയും 12 മഞ്ഞക്കാര്‍ഡുകളുമായി സെര്‍ബിയയുമാണ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍. സ്വിറ്റ്‌സര്‍ലന്‍ഡ്(9), യുറുഗ്വായ്(8), ഘാന(8), കാനഡ(8), സെനഗല്‍(7), പോളണ്ട്(7) എന്നിവരാണ് അഞ്ചു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.

പോര്‍ചുഗല്‍ താരങ്ങങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗോള്‍ ആഹ്‌ളാദത്തില്‍.
പോര്‍ചുഗല്‍ താരങ്ങങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗോള്‍ ആഹ്‌ളാദത്തില്‍.


7.) കൂടുതല്‍ പെനാല്‍റ്റികള്‍

പെനാല്‍റ്റികള്‍ ഗോളാക്കിയ കാര്യത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ തന്നെയാണ് ഖത്തറില്‍ മുന്നില്‍. ലഭിച്ച രണ്ടു പെനാല്‍റ്റിയും അവര്‍ ലക്ഷ്യത്തിലെത്തിച്ചു. ഒന്ന് ക്രിസ്റ്റിയാനോയും മറ്റൊന്നു ബ്രൂണോ ഫെര്‍ണാണ്ടസുമാണ് സ്‌കോര്‍ ചെയ്തത്. പോര്‍ചുഗലിന് പിന്നില്‍ ബ്രസീല്‍(1), പോളണ്ട്(1), സെനഗല്‍(1), സ്‌പെയിന്‍(1), ജര്‍മനി(1), അര്‍ജന്റീന(1) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പ്രകടനം.

പെനാല്‍റ്റികള്‍ വഴങ്ങിയ കാര്യത്തില്‍ ഒരുപിടി ടീമുകള്‍ ഒപ്പത്തിനൊപ്പമാണ്. ഒന്നില്‍ കൂടുതല്‍ പെനാല്‍റ്റികള്‍ വഴങ്ങിയ ആരുമി്‌ല. ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ഇക്വഡോര്‍, യുറുഗ്വായ്, ഘാന, കോസ്റ്റാറിക്ക, ജപ്പാന്‍, സൗദി അറേബ്യ, യുഎസ്എ, ഇംഗ്ലണ്ട്, ഖത്തര്‍ എന്നീ ടീമുകളാണ് ഇതുവരെ ഈ ലോകകപ്പില്‍ പെനാല്‍റ്റികള്‍ വഴങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here