ദോഹ: ലോകകപ്പിന് ഉപയോഗിക്കുന്ന പന്തില്‍ കാറ്റ് മാത്രം നിറച്ചാല്‍ പോര. ചാര്‍ജും ചെയ്യണം. പന്ത് ചാര്‍ജ് ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഫോണൊക്കെ പോലെ പന്തും ചാര്‍ജിനിടണോ. എന്നായിരുന്നു പലരുടേയും ചോദ്യം. വേണമെന്നാണ് ഉത്തരം. ലോകകപ്പിനായി അഡിഡാസ് തയ്യാറാക്കിയ പന്തുകളിലെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കാനാണ് ഇങ്ങനെ ചാര്‍ജിനിടുന്നത്. ചെറിയ ബാറ്ററി വഴിയാണ് സെന്‍സര്‍ പ്രവര്‍ത്തിക്കുന്നത്. പന്തിന്റെ ലൊക്കേഷനും, ചലനവും, കിക്കുകളും ഹെഡ്‌റുമെല്ലാം സെന്‍സര്‍ കൃത്യമായി രേഖപ്പെടുത്തും.
14 ഗ്രാം ഭാരമുള്ള സെന്‍സര്‍ മൈതാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴിയാണ് വിവരങ്ങള്‍ കിട്ടുക. കിറുകൃത്യം വിവരങ്ങള്‍ കിട്ടാന്‍ പന്തില്‍ നല്ല ചാര്‍ജ് വേണം. ഫുള്‍ ചാര്‍ജ് ചെയ്ത പന്ത് ആറ് മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്നാണ് അഡിഡാസ് പറയുന്നത്. സെന്‍സര്‍ ഘടിപ്പിച്ച അല്‍ റിഹ്‌ല ഇതിനോടകം തന്നെ പല നിര്‍ണായക തീരുമാനങ്ങള്‍ക്കും കാരണമായി. യുറുഗ്വേക്കെതിരായ ഗോള്‍ റൊണാള്‍ഡോയുടേതല്ല ബ്രൂണോ ഫെര്‍ണാണ്ടസിന്റെതെന്ന് ഫിഫ ഉറപ്പിച്ച് പറഞ്ഞത് ഈ പുതിയ ടെക്‌നോളജിയുടെ തെളിവ് നിരത്തിയത്. പല ഓഫ് സൈഡ് തീരുമാനങ്ങളിലും നിര്‍ണായകമായതും സെന്‍സര്‍ ഘടിപ്പിച്ച പന്ത് തന്നെ.
NEW: Semi-automated offside technology to be used at FIFA World Cup 2022. Full details on @FIFAcom. Here’s how it works 👇 pic.twitter.com/qrDzjsXxph
— Bryan Swanson (@fifa_bryan) July 1, 2022
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സെമി ഓട്ടോമാറ്റഡ് ഓഫ്സൈഡ് ടെക്നോളജിക്കാണ് (SAOT) ഓഫ് സൈഡ് കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. പന്തില്‍ കളിക്കാരന്റെ കാല്‍ തൊടുമ്പോള്‍ തന്നെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓഫ്സൈഡ് വര കണക്കാക്കുന്ന രീതിയാണ് അവലംഭിക്കുന്നത്. പന്തിനുള്ളില്‍ സെന്‍സര്‍ ഉപയോഗിച്ചാണ് ഓഫ്സൈഡ് വര കണക്കാക്കുക. എല്ലാ താരങ്ങളുടെയും പൊസിഷനും ഓഫ്സൈഡ് വരയും നിമിഷനേരത്തിനുള്ളില്‍ ലഭ്യമാകും.
3ഡി ആനിമേഷനിലൂടെ കാണികള്‍ക്കും ടിവി പ്രക്ഷകര്‍ക്കും ഇത് കാണാനാകും. വിഎആര്‍ (VAR) റൂമില്‍ നിന്ന് റഫറിക്ക് ഹെഡ്സെറ്റ് വഴി തീരുമാനം ഉടന്‍ അറിയിക്കും. ഓഫ്സൈഡ് തീരുമാനത്തിന്റെ സമയം 70 സെക്കന്‍ഡില്‍ നിന്ന് 25 ആയി കുറയ്ക്കാന്‍ പുതിയ സാങ്കേതിക വിദ്യക്കായി. എസ്എഒടി സംവിധാനം കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവിധ മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫിഫ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഖത്തറില്‍ നടന്ന ക്ലബ്ബ് ലോകകപ്പിലും പരീക്ഷണം നടന്നിരുന്നു.